മകരവിളക്ക് ദർശനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ തീർത്ഥാടക‍‍ർ ദിവസങ്ങൾക്ക് മുൻപ് സന്നിധാനത്ത് പർണ്ണശാലകൾ കെട്ടി കാത്തിരിക്കുകയാണ് പതിവ്. 

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി 14-ന് വരുന്നവരെ മാത്രമെ സന്നിധാനത്ത് നിൽക്കാൻ അനുവദിക്കൂവെന്ന് പൊലീസ് (Kerala Police). തലേദിവസം എത്തുന്നവർക്ക് പോലും സന്നിധാനത്ത് തങ്ങാൻ അനുമതി നൽകില്ലെന്ന് എഡിജിപി എസ്.ശ്രീജിത്ത് (ADGP S Sreejith) ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് സന്നിധാനത്ത് ഉന്നതതലയോഗം ചേരും

മകരവിളക്ക് ദർശനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെ തീർത്ഥാടക‍‍ർ ദിവസങ്ങൾക്ക് മുൻപ് സന്നിധാനത്ത് പർണ്ണശാലകൾ കെട്ടി കാത്തിരിക്കുകയാണ് പതിവ്. കഴിഞ്ഞ വർഷം ക‌ർശന നിയന്ത്രണങ്ങളോടെയാണ് മകരവിളക്ക് നടന്നത്. ഇത്തവണ സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് 12 മണിക്കൂർ തങ്ങാൻ അനുമതിയുണ്ട് വിരിവയ്ക്കാനും താമസിക്കാനും ദേവസ്വം ബോ‍ർ‍ഡും സൗകര്യം ചെയ്തിട്ടുണ്ട്. എന്നാൽ മകരവിളക്ക് കാണാൻ നേരത്തെ എത്തി തീർത്ഥാടക‍ർ സന്നിധാനത്ത് തങ്ങേണ്ടതില്ലെന്നാണ് പൊലീസ് മുന്നറിയിപ്പ്.

മകരവിളക്കിന് കൂടുതൽ ഇളവ് വേണമെന്നാണ് ദേവസ്വം ബോർഡിന്റെ താല്പര്യം. ഇക്കാര്യത്തിൽ ബോർഡ് നിലപാട് വ്യക്തമാക്കും മുൻപാണ് പൊലീസ് കർശന നിലപാടറിയിച്ചത്. 14-നാണ് മകരവിളക്ക്. 13-ന് എത്തുന്നവർ ദർശനം കഴിഞ്ഞ് താഴെയിറങ്ങിയാൽ പമ്പയിലോ പൊന്നമ്പലമേട് കാണുന്ന മറ്റ് സ്ഥലങ്ങളിലോ നിൽക്കാൻ അനുമതിക്കുമോ എന്നകാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. 11-ന് എരുമേലി പേട്ട തുള്ളൽ കഴിഞ്ഞ് സന്നിധാനത്തെത്തുന്നവർ മകരവിളക്ക് കഴിങ്ങാണ് സാധാരണ മടങ്ങുക. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പടെയുള്ള ഈ തീർത്ഥാടകരെയും ദർശനം കഴിഞ്ഞ് എത്രയം വേഗം മടക്കിയക്കണമെന്നാണ് പൊലീസ് നിലപാട്.