കൊച്ചി: മരടിലെ ഓരോ ഫ്ലാറ്റ് ഉടമയും ഒഴിഞ്ഞുപോയതായി ഇന്ന് തന്നെ വ്യക്തിപരമായി കത്ത് നൽകണമെന്ന് പൊലീസ്. സാധനങ്ങൾ മാറ്റാൻ എത്ര സമയം വേണമെന്ന് അറിയിച്ചാൽ അത് പരിഗണിക്കാമെന്നും അസിസ്റ്റന്റ് കമീഷണർ അറിയിച്ചു. ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് ഇക്കാര്യം ഉടമകളെ അറിയിച്ചത്.

എന്നാൽ പുനരധിവാസം ലഭിക്കാതെ കത്ത് നൽകില്ലെന്നും ഒഴിയില്ലെന്നും ഒരു വിഭാഗം ഉടമകൾ പറഞ്ഞു. നാല് ഫ്ലാറ്റുകളിലും എസിപിമാരുടെ സംഘമെത്തി ഫ്ലാറ്റ് ഉടമകളുമായി സംസാരിച്ചിരുന്നു. സബ് കളക്ടര്‍ കായലോരം ഫ്ലാറ്റിൽ എത്തി ചർച്ച നടത്തുകയാണ്.

അതേസമയം, ഫ്ലാറ്റുകളിൽ നിന്നും താമസക്കാർ ഒഴിഞ്ഞു പോകാനുള്ള സമയപരിധി 12 മണി വരെ നീട്ടി. വൈകുന്നേരം അ‌ഞ്ച് മണിക്കുള്ളില്‍ ഒഴിഞ്ഞു പോകണം എന്നായിരുന്നു നേരത്തെ നഗരസഭ മരടിലെ ഫ്ളാറ്റുടമകള്‍ക്ക് നല്‍കിയ നിര്‍ദേശം. തങ്ങള്‍ക്ക് ഒഴിഞ്ഞു പോകാന്‍ വേറെ സ്ഥലമില്ലെന്നും വൈദ്യുതി ജലവിതരണം പുനസ്ഥാപിച്ച് അടുത്ത രണ്ടാഴ്ച കൂടി ഫ്ളാറ്റില്‍ തുടരാന്‍ അനുമതി നല്‍കണമെന്നും നേരത്തെ ഫ്ളാറ്റുടമകള്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നിര്‍ദേശം തള്ളിയിരുന്നു. 

Read More: ഫ്ളാറ്റുടമകള്‍ക്ക് ഒഴിഞ്ഞു പോകാന്‍ രാത്രി വരെ സമയം: പുനരധിവാസത്തിന് സര്‍ക്കാര്‍ ഒരു കോടി നല്‍കും

മരടിലെ നാല് ഫ്ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.