ദുരന്തമേഖലയിൽ രാത്രി അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടി, സുരക്ഷയ്ക്കായി പൊലീസ് സംഘം കാവൽ
അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.
കൽപ്പറ്റ : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏർപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയിൽ അതിക്രമിച്ച് കടക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവർത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളിൽ ആരും പ്രവേശിക്കാൻ പാടില്ല. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ ഒരു ഫയർഫോഴ്സ് ടീമും ചൂരൽ മലയിൽ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.
മുണ്ടക്കൈ അടക്കം മേഖലകളിൽ നാളെ രാവിലെ മുതൽ തിരച്ചിൽ വീണ്ടും ആരംഭിക്കും. ചാലിയാറിൽ നാളെ രാവിലെ 7 മണിയോടെ രണ്ട് ഭാഗങ്ങളായും തെരച്ചിൽ പുനരാരംഭിക്കും. ചാലിയാറിലെ തെരച്ചിൽ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്നാണ് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണസംഖ്യ 365 ആയി ഉയര്‍ന്നു. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടും. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും. സർവ്വമത പ്രാർത്ഥനയോടെയായിരിക്കും സംസ്കാരം നടത്തുക.