പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 21കിലോ കഞ്ചാവുമായി പതിനേഴുകാരൻ പിടിയിൽ. തൃശ്ശുർ പുത്തൂർ സ്വദേശിയാണ് പിടിയിലായത്. ഇന്ന് ഉച്ചയോടുകൂടി പിടിയിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് ‍‍ക‍ഞ്ചാവ് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സും (ആർടിഎഫ് ) എക്സൈസും ചേർന്ന് സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും ക‍ഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന്  സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് കടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. അഞ്ച് വാഹന മോഷണ കേസിലെ കുറ്റവാളി കൂടിയാണ് പിടിയിലായ പ്രതി.