ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഘം സഞ്ചരിച്ച കാർ നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. കാർ ഉടമയായ അമ്പലപ്പുഴ സ്വദേശിയെയും കസ്റ്റഡിയിൽ എടുത്തു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും കാർ സുഹൃത്ത് കൊണ്ടുപോയതാണെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഗൂഢാലോചന പുറത്തു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് എസ്പിക്ക് പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്.