പത്തനംതിട്ട: ശബരിമലയിൽ സന്ദർശനത്തിനെത്തിയ പത്ത് യുവതികളെ പൊലീസ് മടക്കി. ആന്ധ്രപ്രദേശിൽ നിന്നെത്തിയ യുവതികളെയാണ് മടക്കിയത്.

വിജയവാഡയിൽ നിന്നും എത്തിയ സംഘത്തെയാണ് പ്രായം പരിശോധിച്ച ശേഷം മടക്കി അയച്ചത്. അതിനിടെ ശബരിമല സന്ദർശനത്തിനെത്തുന്ന സ്ത്രീകളുടെയും പ്രായം പൊലീസ് പരിശോധിക്കുന്നുണ്ട്.  പമ്പയിലാണ് പൊലീസിന്റെ പ്രായ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആധാർ കാർഡ് നോക്കി ഇവരുടെ പ്രായം ഉറപ്പിച്ച ശേഷമാണ് കാനനപാതയിലേക്ക് കടത്തിവിടുന്നത്. 

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ പൊലീസ് വിട്ടുതുടങ്ങി. ഇന്ന് വൈകിട്ടാണ് മണ്ഡലകാല ആരംഭത്തിനായി ശബരിമല നട തുറക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ്മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി നട തുറക്കും. നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.