ദില്ലി: കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിനൊപ്പം കേരളത്തിലെത്തിയ യുകെ പൗരനെ ചോദ്യംചെയ്യാന്‍ ഇന്‍റര്‍പോളിന്‍റെ സഹായം തേടി പൊലീസ്.  യുകെ പൗരൻ അലി മുഹമ്മദിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി സിബിഐ മുഖേന ഇന്‍റര്‍പോളിന് കൈമാറി.  ലിസ വെയില്‍സിന്‍റെ  തിരോധാനവുമായി ബന്ധപ്പെട്ട്  നേരത്തേ കേരളാ പൊലീസ് ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരുന്നു. 

 മാർച്ച് 7ന് കേരളത്തിലെത്തിയ ലിസ വെയ്ൽസ് എവിടെയാണെന്ന് ഒരു തുമ്പും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ലിസ വെയ്ൽസ് നാട്ടിലേക്ക് തിരികെ ചെന്നിട്ടില്ലെന്ന് അറിയിച്ച ജർമ്മൻ കോണ്‍സുലേറ്റാകട്ടെ തുടരന്വേഷണത്തിന് സഹാമായേക്കാവുന്ന വിവരങ്ങളൊന്നും കൈമാറിയിട്ടുമില്ല. മാര്‍ച്ച് ഏഴിന് ലിസ യുകെ പൗരനായ സുഹൃത്തിനൊപ്പം തിരുവനന്തപുരത്തെത്തിയത് എന്നാണ് വിവരം. 

മാര്‍ച്ച് 10ന് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചു. മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ചായിരുന്നു സന്ദേശം. ഇതേക്കുറിച്ച് കൂടുതലറിയാന്‍ ലിസയുടെ അമ്മയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തണമെന്ന പൊലീസിന്‍റെ ആവശ്യത്തോടും ജര്‍മ്മന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചിരുന്നില്ല. ഇതോടെ  ലിസ വെൽസിനു വേണ്ടിയുള്ള അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്.