സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ (balachandra kumar)ബലാത്സംഗ പരാതിയിൽ പൊലീസ് (police)പരിശോധന തുടങ്ങി.യുവതിയോട് നേരിട്ടെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. പ്രാഥമിക മൊഴിയെടുത്ത ശേഷം,പരാതി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി മുന്നോട്ട് പോകുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കണ്ണൂർ സ്വദേശിയായ യുവതി ബാലചന്ദ്രകുമാറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.

ഇതിനിടെ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയാൻ ഇരിക്കെ ഇന്നലെ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ ഇന്നലെ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.