തിരുവനന്തപുരം: കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ വീണ്ടും പൊലീസ് ഒത്തുകളി. ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന മനുഷ്യാവകാശ കമ്മീഷന്‍റെ നിർദേശം പൊലീസ് അവഗണിച്ചു.

ബസ് ഉടമ സുരേഷ് കല്ലടയെ മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട് നടന്ന സിറ്റിങിലേക്ക് വിളിച്ചുവരുത്തിയെങ്കിലും പൊലീസ്, ഗതാഗത കമ്മീഷണർ എന്നിവരുടെ റിപ്പോർ‍ട്ട് കിട്ടാത്തതിനാൽ വീണ്ടും ഹാജരാകാൻ നിർദേശം നൽകി. അടുത്ത മാസം 26 ന് വീണ്ടും ഹാജരാകാനാണ് കമ്മീഷൻ നിർദേശം നൽകിയത്. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കയിലിന്റെ പരാതിയിലാണ് സുരേഷ് കല്ലടയെ കമ്മീഷൻ വിളിച്ചു വരുത്തിയത്.

ഇതേ കേസിൽ തിരിച്ചറിയൽ പരേഡ് നടക്കും മുൻപ് പ്രതികൾക്ക് ജാമ്യം കിട്ടിയത് പൊലീസിന്‍റെ ഒത്തുകളിയാണെന്ന ആരോപണവും ഉയർന്നിരുന്നു. കഴിഞ്ഞ മാസം 21 ന് പുലർച്ചെയാണ് സുരേഷ് കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ വൈറ്റിലയിൽ വച്ച് മർദ്ദിച്ചത്. മൂന്ന് പേര്‍ക്കാണ് കല്ലട ബസില്‍ വച്ച് മര്‍ദ്ദനമേറ്റത്. മറ്റ് രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്.