തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തും പ്രതിപട്ടികയിലുണ്ട്.
തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാക്കി. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവന്തപുരത്ത് ഹർജി നൽകും.
യുവതിയുടെ മൊഴിയിൽ ഗുരുതര ആരോപണങ്ങൾ
രാഹുൽ മാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാലക്കാട് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തത്. യുവതിയുടെ രഹസ്യമൊഴി കോടതി മുൻപാകെ രേഖപ്പെടുത്താന്‍ ഉടന്‍ പൊലീസ് അപേക്ഷ നൽകും. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി കൈമാറിയിട്ടുണ്ട്.


