മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ആലോചന. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യവും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കുന്നതും ആലോചനയിൽ.

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യത്തിനുള്ള നീക്കം സജീവമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാനാണ് ആലോചന. അസാധാരണ സാഹചര്യം ഉണ്ടെങ്കിലേ നേരിട്ട് ഹൈക്കോടതിയിൽ എത്താവൂ എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. എംഎൽഎ ആണെന്നതും അറസ്റ്റ് സാഹചര്യം ഉണ്ടെന്നതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ടു ഡേ ആയി ഹർജി എത്തിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അല്ലെങ്കിൽ തിരുവന്തപുരത്ത് ഹർജി നൽകും.

അതേസമയം, യുവതി മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇന്ന് കേസെടുക്കും എന്നാണ് വിവരം. വലിയമല സ്റ്റേഷനിൽ ആകും രാഹുലിനെതിരെ കേസെടുക്കുക. എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത ശേഷം നേമം സ്റ്റേഷനിലേക്ക് കൈമാറും. എഫ് ഐ ആർ രജിസ്റ്റർ ചെയ്തശേഷം കേസ് പ്രത്യേക സംഘത്തിന് കൈമാറാനാണ് തീരുമാനം. പരാതിയില്‍ ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രലോഭിച്ച് പീഡിപ്പിച്ചതും ഗർഭ ഛിദ്രത്തിന് വിധേയമാക്കിയതും പരാതിക്കാരി മൊഴിയായി നൽകിയിട്ടുണ്ട്. കേസെടുക്കുന്നതിന് പിന്നാലെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകും. വാട്സ്ആപ്പ് ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. താൻ നേരിട്ട ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴി നൽകിയിട്ടുണ്ട്.

സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. എന്നാൽ, അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഫോൺ സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള പരാതിയിൽ പൊലീസ് ഏതൊക്കെ വകുപ്പുകളായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

YouTube video player