കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പ്രതിയെ ജോളിയേയും സഹപ്രതികളേയും കോടതിയിലേക്ക് കൊണ്ടു പോയി. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരാണ് നിലവില്‍ റോയ് ജോസഫ് വധക്കേസിലെ പ്രതികളായി ജയിലില്‍ ഉള്ളത്.

കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിച്ചത്. തൊട്ടടുത്തുള്ള സബ് ജയിലിലാണ് മാത്യുവിനെ പാര്‍പ്പിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടു തരാനായി പൊലീസ് അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുന്നത്. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്‍റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ പൊലീസ് ജീപ്പിലേക്ക് കയറും മുന്‍പായി മാധ്യമങ്ങളോട് പറഞ്ഞു. 

ജോളിയടക്കമുള്ള പ്രതികളെ പുറത്തു കൊണ്ടു വരും എന്ന വിവരമറിഞ്ഞ് ജില്ലാ ജയില്‍ പരിസരത്ത് രാവിലെ മുതല്‍ തന്നെ ആള്‍ക്കാര്‍ എത്തി തുടങ്ങിയിരുന്നു. പ്രതികളെ ഹാജരാക്കും എന്ന അഭ്യൂഹത്തെ തുടര്‍ന്ന് ഇന്നലെ താമരശ്ശേരി കോടതിയിലും ആള്‍ക്കൂട്ടമെത്തി. കോടതിയില്‍ നിന്നും ജോളിയെ  കസ്റ്റഡിയില്‍ വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്‍ കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. 

ഇവിടെ പ്രതികളെ എത്തിച്ചാല്‍ ശക്തമായ ജനരോക്ഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാവും  പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. ജയിലില്‍ നിന്നും താമരശ്ശേരി കോടതി വരെയും തുടര്‍ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വന്‍ പൊലീസ് സംഘം ജോളിയെ അനുഗമിക്കും. 

ജോളിയെ ജയിലിൽ നിന്ന് കോടതിയിലെത്തിക്കാനുള്ള സുരക്ഷ ഒരുക്കാൻ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വനിത സിഐക്ക് ജയില്‍ സൂപ്രണ്ട് കത്ത് നൽകിയിട്ടുണ്ട്. പതിനൊന്ന് ദിവസത്തേക്ക് ജോളിയെ കസ്റ്റഡിയില്‍ വിട്ടുതരണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുളളത്. താമരശ്ശേരി കോടതിയില്‍ നിന്നും തെളിവെടുപ്പിന് ശേഷമോ മുന്‍പോ ആയി ജോളിയെ വടകരയിലെ റൂറല്‍ എസ്പി ഓഫീസിലേക്ക് കൊണ്ടു വരും. ഇവിടുത്തെ പ്രത്യേക ചോദ്യം ചെയ്യല്‍ മുറിയില്‍ വച്ചാവും ബാക്കി നടപടികള്‍ 

ജോളിക്ക് സയനൈഡ് നല്‍കി എന്ന് മാത്യു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഒരു തവണ മാത്രമേ താന്‍ സയനൈഡ് നല്‍കിയിട്ടുള്ളൂ എന്നും എന്തിനാണ് ജോളി സയനൈഡ് വാങ്ങിയത് എന്നറിയില്ലെന്നുമാണ് മാത്യു മുന്നോട്ട് വയ്ക്കുന്ന വാദം. ഇക്കാര്യത്തിലെല്ലാം ഇനി വ്യക്തത വരേണ്ടതായിട്ടുണ്ട്.