സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതി: പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു
ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
തിരുവനന്തപുരം : നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽവെച്ചാണ് മൊഴിയെടുപ്പ്. ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍ നടപടികൾ സ്വീകരിക്കും. ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
'കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം', ആ യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി വിനു മോഹൻ
തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് 2016 ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി സിദ്ദിക്ക് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ആരോപണമുന്നയിച്ച സമയത്ത് ഈ ഹോട്ടലിൽ സിദ്ദിക്ക് താമസിച്ചിരുന്നോ, ആ സമയത്ത് സിദ്ദിക്കിന്റെ സിനിമാ പ്രിവ്യൂ നിള തിയറ്ററിൽ വെച്ച് നടന്നിരുന്നോ തുടങ്ങിയ കാര്യങ്ങളടക്കം അന്വേഷിക്കേണ്ടതുണ്ട്. ഈ സമയത്തെ സിസിടിവി റെക്കോര്‍ഡുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ സാഹചര്യ തെളിവുകളകടക്കം അന്വേഷണ സംഘം പരിശോധിക്കും.
മുകേഷ് എംഎൽഎ സ്ഥാനം രാജിവക്കണം, കടുത്ത നിലപാടുമായി നടൻ പി പി കുഞ്ഞികൃഷ്ണൻ
മുന്‍കൂര്‍ ജാമ്യത്തിന് നീക്കവുമായി സിദ്ദിഖ്
യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.