സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. ഈ മൊഴി കുട്ടി പിന്നീട് തിരുത്തിയിരുന്നു
തിരുവനന്തപുരം: പേട്ടയിൽ ഹൈദരാബാദ് സ്വദേശികളുടെ രണ്ട് വയസുകാരിയായ മകളെ കാണാതായ സംഭവത്തിൽ കുട്ടിയുടെ സഹോദരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനം. ഇതിനായി സഹോദരനെ പൊലീസ് കൊണ്ടുപോയി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന സ്ഥലത്ത് അമ്മയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സഹോദരനെ മൊഴിയെടുക്കാൻ കൊണ്ടുപോയത്.
ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ബൈക്കിൽ കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടുവെന്ന് സംശയം രേഖപ്പെടുത്തിയ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈഞ്ചയ്ക്കലിൽ ഉള്ള ഒരു കുടുംബവും പൊലീസിനെ സിസിടിവി ദൃശ്യങ്ങളുമായി സമീപിച്ചിട്ടുണ്ട്.
സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സഹോദരന്റെ ആദ്യമൊഴി. പിന്നീട് ഈ മൊഴി തിരുത്തിയ സഹോദരൻ അമ്മയുടെ കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നുമാണ് പറഞ്ഞത്. ഇളയ സഹോദരനാണ് മഞ്ഞ സ്കൂട്ടര്‍ എന്ന് പറഞ്ഞതെന്നായിരുന്നു തിരുത്തിയ മൊഴിയിൽ പറഞ്ഞത്. സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുദ്ധ്യം പൊലീസിനെ കുഴപ്പിക്കുന്നു. അതിനാൽ തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോയത് തന്നെയാണോയെന്ന് പൊലീസും സംശയിക്കുന്നു.
ഇന്ന് രാവിലെയാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാൽ മൊഴികളിലെ ആശയകുഴപ്പം പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സഹോദരന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
