തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിനകത്ത് വച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിലിന്‍റെ മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്‍റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ച് വച്ചു. ശിവരഞ്ജിത്ത് കുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിൽ പൊലീസിന് മൊഴി നൽകിയത്. 

അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് അഖിൽ പൊലീസിനോടും പറഞ്ഞിട്ടുള്ളത്. എസ്എഫ്ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖിൽ പോലീസിനോട് പറ‍ഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അഖിൽ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നൽകിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസിൽ തുടര്‍ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. 

കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖിൽ നിര്‍ണ്ണായക മൊഴി നൽകിയതോടെ തെളിവെടുപ്പും കൂടുതൽ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.