തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമർപ്പിക്കുന്നത്. 

ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്. അതേ സമയം ശിവരഞ്ജിത്ത് കോണ്‍സ്റ്റബിള്‍ ജോലിക്കായി പിഎസ്‍സിയില്‍ നൽകിയ കായിക സർട്ടിഫിക്കറ്റുകള്‍ക്കായും കന്‍ഡോണ്‍മെന്‍റ് സിഐ അനിൽകുമാർ കത്തു നൽകും. സർട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് ആരോപണം പരിശോധിക്കാനാണ് കത്ത് നൽകുന്നത്.