മലപ്പുറം വഴിക്കടവിലാണ് ഭാര്യ സഹോദരനെ പോക്സോ കേസില്‍ കുടുക്കാൻ അച്ഛൻ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കിയത്.
മലപ്പുറം: മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാല് വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്സോ പരാതി (Fake Pocso Complaint) നല്‍കിയ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാൻ സിഡബ്ല്യുസി പൊലീസിന് നിര്‍ദ്ദേശം നല്‍കി. മലപ്പുറം വഴിക്കടവിലാണ് ഭാര്യ സഹോദരനെ പോക്സോ കേസില്‍ കുടുക്കാൻ അച്ഛൻ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കിയത്. ഭാര്യയുടെ വീട്ടില്‍ വച്ച് ഭാര്യാ സഹോദരൻ നാലുവയസുകാരിയായ മകളെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് വഴിക്കടവ് സ്വദേശിയായ യുവാവ് കഴിഞ്ഞ മാസമാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ ജനുവരി 24 ന് സിഡബ്ല്യുസിക്ക് മുമ്പാകെ ഹാജരാക്കിയപ്പോള്‍ അച്ഛൻ പറഞ്ഞത് പ്രകാരമാണ് അമ്മാവനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി പറഞ്ഞു.
പിന്നാലെ മജിസ്ട്രേറ്റിന് മുന്നിലും കുട്ടി ഈ മൊഴി ആവര്‍ത്തിച്ചു. അച്ഛൻ മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്ന് പറഞ്ഞതു കൊണ്ടാണ് കളവായി മൊഴി നല്‍കിയെതെന്നും കുട്ടി പറഞ്ഞു. പൊലീസ് അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് ഭാര്യ സഹോദരനെ കേസില്‍ കുടുക്കാൻ യുവാവ് ശ്രമിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാജ പരാതി നല്‍കിയതില്‍ അന്വേഷണം നടക്കുകയാണെന്നും യുവാവിനെതിരെ വൈകാതെ കേസെടുക്കുമെന്നും വഴിക്കടവ് പൊലീസ് അറിയിച്ചു.
