Asianet News MalayalamAsianet News Malayalam

കുത്തിയൊലിക്കുന്ന പുഴയില്‍ ചാടി മരത്തടി പിടുത്തം; മലപ്പുറത്തെ 'മുള്ളൻകൊല്ലി വേലായുധൻമാർ'ക്കെതിരെ പൊലീസ്

വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍  നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ  സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ.

police will take action against those who jump into the river for wooden sticks that are floating
Author
Malappuram, First Published Jul 16, 2022, 2:15 PM IST

മലപ്പുറം: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വരുന്ന മരത്തടികള്‍ അപകടകരമാം വിധം പുഴയില്‍ ചാടി പിടിക്കുന്നവര്‍ക്കെതിരെ നടപടിയ്ക്കൊരുങ്ങി മലപ്പുറം പൊലീസ്.  മലപ്പുറത്ത് 'മുള്ളൻകൊല്ലി വേലായുധൻമാര്‍' കൂടിയതോടെ  കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ ചാടി ജീവന്‍ അപകടത്തിലാക്കി മരത്തടികൾ സാഹസികമായി പിടിക്കുന്നവർക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുകയാണ് പൊലീസ്. മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരത്തില്‍ മരത്തടി പിടിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

നിലമ്പൂരിലെ മമ്പാട് ചാലിയാറില്‍ ഇത്തരത്തില്‍ യുവാക്കള്‍ ചാടുന്ന വീഡിയോ വൈറലായിരുന്നു. വലിയ മരത്തടികളും തേങ്ങയും വനവിഭവങ്ങളും പുഴയിലൂടെ ഒലിച്ചു വരുമ്പോള്‍  നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ മുള്ളൻ കൊല്ലി വേലായുധന്റെ  സാഹസികതകൾ അനുകരിക്കുകയാണ് ചില ചെറുപ്പക്കാർ. പാലത്തിൽ നിന്നും കയർ കെട്ടി പുഴയിലേക്ക് ഇറങ്ങി ഒലിച്ചു വരുന്ന മരങ്ങൾ പിടിച്ചു കെട്ടാനുള്ള ശ്രമമാണ്. ജീവന്‍ പണയം വച്ചുള്ള യുവാക്കളുടെ സാഹസികത സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്തോടെ കർശന മുന്നറിയിപ്പുമായി വനം റവന്യൂ പൊലീസ് വകുപ്പുകൾ രംഗത്തെത്തി. മലയോര മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് പുഴകളിൽ ജലനിരപ്പ്‌ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ പുഴയിലൂടെ ഒഴുകി വരുന്ന മരത്തടികളും മറ്റും പിടിക്കുന്നതിനായി പുഴയിൽ ഇറങ്ങുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം റവന്യൂ അധികൃതർ അറിയിച്ചു. പുഴയിൽ ജലനിരപ്പ് വർധിച്ച സാഹചര്യത്തിൽ കുട്ടികളുമായി പുഴയോ മറ്റു ജലാശയങ്ങളോ കാണാൻ പോകരുതെന്നും മീൻ പിടിക്കുന്നതിന് വേണ്ടി പുഴയിൽ ഇറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

Read More : കനത്ത മഴ: മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് താഴ്ന്നു, മരങ്ങള്‍ കടപുഴകി, വ്യാപക നാശം

Follow Us:
Download App:
  • android
  • ios