പൊലീസ് ആസ്ഥാനത്തെ എഐജി വി. ജി. വിനോദ് കുമാറിന്‍റെ സ്വകാര്യ വാഹനമാണ് എംസി റോഡിൽ തിരുവല്ല കുറ്റൂരിൽ വെച്ച് കാൽനടയാത്രക്കാരനായ അതിഥി തൊഴിലാളിയെ ഇടിച്ചത്. ഈ സംഭവത്തിലാണ് പരിക്കേറ്റയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്

തിരുവനന്തപുരം: എഐജിയുടെ സ്വകാര്യവാഹനം കാൽനട യാത്രക്കാനെ ഇടിച്ചതിൽ തിരുവല്ല പൊലീസിന്‍റെ വിചിത്ര നടപടി. വാഹനം ഓടിച്ച പൊലീസ് ഡ്രൈവറെ ഒഴിവാക്കി ഗുരുതരമായി പരിക്കേറ്റ നേപ്പാളുകാരനായ ഹോട്ടൽ തൊഴിലാളിയെ പ്രതിയാക്കി തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെ നടന്ന ഒത്തുകളി ഇപ്പോള്‍ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്. ആഗസ്റ്റ് 30ന് രാത്രി തിരുവല്ല കുറ്റൂരിലായിരുന്നു അപകടം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെ എഐജി വി ജി വിനോദ് കുമാറിന്‍റെ സ്വകാര്യവാഹനം കാൽനടയാത്രക്കാരനായ ഹോട്ടൽ തൊഴിലാളിയെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ നേപ്പാൾ സ്വദേശി ജീവൻ ഇപ്പോൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എന്നാൽ, എഐജിയെ സംരക്ഷിക്കാൻ വിചിത്ര നടപടിയാണ് തിരുവല്ല പൊലീസിന്‍റെ ഭാഗത്തുണ്ടായത്. വിനോദ് കുമാറിന്‍റെ സ്വകാര്യ കാർ ഓടിച്ചത് പൊലീസ് ഡ്രൈവർ തന്നെയായിരുന്നു. അയാളെ പ്രതിചേർക്കാതെ അപകടത്തിൽ പരിക്കുപറ്റിയ കാൽ നടയാത്രക്കാരനെയാണ് പ്രതിയാക്കിയത്.റോഡ് അപകടങ്ങളിൽ ഇങ്ങനെ ഒരു കേസ് ഇത് ആദ്യമാണ്. എന്തിനാണ് എഐജിക്കായി തിരുവല്ല പൊലീസ് ഒത്തുകളിച്ചതെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. പത്തനംതിട്ട എസ്പി ആർ. ആനന്ദ് അവധിയിലുള്ളപ്പോഴായിരുന്നു എഐജിയുടെ വാഹനം കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവവും പിന്നാലെ പൊലീസിലെ ഒത്തുകളിയും നടന്നത്. 

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോലും എഐജിയുടെ വാഹനം അപകടത്തിൽപ്പെട്ട കാര്യം എസ്പിയെ അറിയിച്ചില്ല. സംഭവത്തിൽ കടുത്ത അതൃപ്തിയിലാണ് എസ്പി ആനന്ദ്. മാത്രമല്ല അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് എസ്പി കൈമാറി. സ്വകാര്യവാഹനം പൊലീസ് ഡ്രൈവറെ കൊണ്ട് ഓടിപ്പിച്ചതും എഐജിയുടെ ചട്ടവിരുദ്ധ നടപടിയാണ്. ഏറെക്കാലമായി പൊലീസ് സേനയിലെ വിവാദനായകനാണ് വി.ജി വിനോദ് കുമാർ ഐപിഎസ്.

YouTube video player