Asianet News MalayalamAsianet News Malayalam

ശിബിരാനന്തര പുകിലുകള്‍!

ഉദയ്പൂരില്‍ നടന്ന എ.ഐ.സി.സിയുടെ ചിന്തന്‍ ശിബിരത്തിന് ശേഷം ആദ്യമായൊരു യുവശിബിരം നടന്നത് കേരളത്തിലാണ്. ആ നിലയില്‍ ചിന്തകളായിരം പിറന്ന്, ക്യാംപിന് ഏറെ ചന്തം വരേണ്ടതായിരുന്നു.

Political crisis after chindan shivir after congress to face
Author
Kerala, First Published Jul 25, 2022, 9:59 PM IST

ഉദയ്പൂരില്‍ നടന്ന എ.ഐ.സി.സിയുടെ ചിന്തന്‍ ശിബിരത്തിന് ശേഷം ആദ്യമായൊരു യുവശിബിരം നടന്നത് കേരളത്തിലാണ്. ആ നിലയില്‍ ചിന്തകളായിരം പിറന്ന്, ക്യാംപിന് ഏറെ ചന്തം വരേണ്ടതായിരുന്നു. പക്ഷേ പാലക്കാട് നടന്ന യൂത്ത് ശിബിരം നവ സങ്കല്പപങ്ങളുടെ പേരിലല്ല, ശംഭു പാൽക്കുളങ്ങരയുടെ പേരിലാണ് അറിയപ്പെട്ടത്. ക്യാംപിലെ വനിതാ അംഗം നൽകിയ പരാതിയുടെ പേരില്‍ തിരുവനന്തപുരത്തുകാരന്‍ ശംഭു കേരളം അറിയപ്പെട്ടു. കേസും കോളും ഒതുക്കാന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് തത്കാലം സാധിച്ചെങ്കിലും തുടര്‍ചലനം പിന്നെയുമുണ്ടായി. 

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ വിമാനത്തിലെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത വാട്സ് ആപ് സ്ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നത് ശിബിരത്തിന് ശേഷമാണ്. അതിന്റെ പേരിൽ കെ എസ് ശബരീനാഥന്‍ അകത്തായി. തലസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള പോരാണ് എല്ലാത്തിനും കാരണം. കാര്യകാരണങ്ങള്‍ പറയാതെ രണ്ട് സംസ്ഥാന ഉപാധ്യക്ഷന്മാരെ സസ്പെൻഡ് ചെയ്ത്, സംഘടന മുഖം രക്ഷിക്കാന്‍ നോക്കി. പക്ഷേ നാണക്കേടിന് പുറമെ പൊലീസ് കേസും തുടരുകയാണ്. 

വോട്ട് ലക്ഷ്യംവച്ചുള്ള സുപ്രധാനമായൊരു തീരുമാനം പാലക്കാട് ശിബിരത്തില്‍ എടുത്തുവെന്നാണ് പുറത്തുവന്ന വാർത്തകള്‍. സാമുദായിക സംഘടനകളുമായി ചേർന്നു പ്രവർത്തിക്കാന്‍ നേതാക്കളോട് ആഹ്വാനം ചെയ്തതാണ് അതില്‍ പ്രധാനം. അക്കാര്യമൊന്നും രാഷ്ട്രീയ വിശകലനത്തിന് വിധേയമായില്ലെങ്കിലും ശിബിരമുണ്ടാക്കിയ പുകില് യൂത്ത് കോൺഗ്രസിനെ വലുതായി തന്നെ പിടിച്ചുലച്ചു. മൂന്നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്ത യുവ ശിബിരത്തില്‍ സംഘടനാപ്രമേയം അവതരിപ്പിക്കുമ്പോള്‍ ആകെയുണ്ടായിരുന്നത് മുപ്പതില്‍ താഴെ നേതാക്കള്‍ മാത്രമാണ്. അതുതന്നെ, കടുത്ത എതിരഭിപ്രായങ്ങളുടെ ഒടുവില്‍ കരടുതിരുത്തി അവതരിപ്പിച്ചത് പുലർച്ചെ  അഞ്ചരയോടെ..

കോഴിക്കോട് ശിബിരം കെപിസിസിയാണ് സംഘടിപ്പിച്ചത്. സ്വന്തം തട്ടകത്തില്‍ ചരിത്രപ്രധാനമായൊരു യോഗം വിളിച്ചിട്ടും മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തില്ല. വി.എം.സുധീരനും മാറിനിന്നതോടെ കോൺഗ്രസിന്റെ പുതിയ സംസ്ഥാന നേതൃത്വത്തോടുള്ള ഇരു നേതാക്കളുടെയും അകൽച്ചയുടെ ആഴം പരസ്യമാക്കപ്പെട്ടു. പങ്കെടുക്കാത്തതിന്റെ കാരണം പരസ്യമായി പറയാന്‍ മുല്ലപ്പള്ളി തയ്യാറായില്ല. വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു കെ സുധാകരന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പക്ഷേ മാധ്യമങ്ങളിലൂടെ പ്രതികരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും പറഞ്ഞു. കാരണം സോണിയാ ഗാന്ധിയെ നേരിട്ട് അറിയിക്കുമത്രേ..

മുല്ലപ്പള്ളിയെ ശിബിരത്തിന് ക്ഷണിച്ചത് കോഴിക്കോട് ഡിസിസി പ്രസിഡന്റാണ്. അദ്ദേഹത്തെ ഡിസിസി പ്രസിഡന്റാക്കിയതാവട്ടെ മുൻപ് മുല്ലപ്പള്ളിയും. കെപിസിസിയുടെ ഒരു വിശേഷപ്പെട്ട പരിപാടിക്ക് തന്നെപ്പോലൊരു മുതിർന്ന നേതാവിനെ ഡിസിസി പ്രസിഡന്റാണോ വിളിക്കേണ്ടതെന്നാണ് മുല്ലപ്പള്ളിയുടെ പരസ്യപ്പെടുത്താത്ത പരാതി. "താല്പര്യമുണ്ടേല്‍ വരട്ടെ"യെന്നായിരുന്നു കെ സുധാകരന്റെയും പരസ്യപ്പെടുത്താത്ത നിലപാട്.  ആദർശ രാഷ്ട്രീയത്തിന് കണ്ണൂരില്‍ നിന്ന് ചോമ്പാലയിലേക്കുള്ള ദൂരം ഏറെയാണല്ലോ..! ശിബിരത്തിന് കൊടിയുയർന്ന  കോഴിക്കോട്ടെ കാഹളങ്ങൾക്ക് ചെവികൊടുക്കാതെ  മുല്ലപ്പള്ളി സ്വന്തം വീട്ടിലിരുന്നു... ശിബിരം ആദ്യദിനം തന്നെ വാർത്തകൾ കൊണ്ട് നിറഞ്ഞു... മുല്ലപ്പള്ളിയെ സംഘടനാപരമായി വിറപ്പിക്കാനൊന്നും കേരള നേതൃത്വത്തിന് നിലവില്‍ സാധിക്കില്ല. തിരിച്ചും അങ്ങനെ തന്നെ. ചുരുക്കത്തില്‍ മൂപ്പിളമ തർക്കവും പകയും പ്രതികാരവും പ്രതികരണങ്ങളുമെല്ലാം ഇങ്ങനെ പുകഞ്ഞു പുകഞ്ഞു കത്തുമെന്ന് മാത്രം.  

Read more: ആരെങ്കിലും പോയാൽ പോകട്ടെ എന്ന നിലപാട് അല്ല സ്വീകരിക്കേണ്ടത്, എല്ലാവരെയും ചേര്‍ത്തുനിര്‍ത്തണം; മുല്ലപ്പള്ളി

മുന്നണി വിപുലീകരണമാണ് കോഴിക്കോട് ശിബിരത്തിലെ ഒരു പ്രധാന പ്രഖ്യാപനമായി കേട്ടത്. വരാനുള്ള പാർട്ടികളെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്  എൽജെഡിയും മാണി കോൺഗ്രസുമാണ്. തൽക്കാലമില്ലെന്ന് എൽ ജെ ഡി അന്നുതന്നെ മറുപടി നൽകി. അങ്ങനെയൊരു ചിന്ത ഉദിച്ചതിനെ സ്വാഗതം ചെയ്ത്, ഞങ്ങളിവിടെ ഹാപ്പിയാണെന്ന് കേരളാ കോൺഗ്രസ്‌ (എം) നേതാക്കളും പ്രതികരിച്ചു. കയ്യാലപ്പുറത്തിരുന്ന് പി ജെ. ജോസഫും കൂട്ടരും വിയർക്കുന്നതാണ് രാഷ്ട്രീയ ബൂമറാങ്. അസമയത്തെ തിരിച്ചു വിളിക്കലിൽ കോട്ടയത്തെ കോൺഗ്രസുകാരും  ഉള്ളുകൊണ്ട് നേതൃത്വത്തോട് കയർക്കുന്നുണ്ട്. ചുരുക്കത്തിൽ  അക്കരനിന്നൊരാളെ കൊണ്ടുവരാനിട്ട നൂലില്‍, ഇക്കരയുള്ളവര്‍ കൊരുത്തതുപോലെ.. 

Read more: 'ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാതിരുന്നതില്‍ ഹൃദയവേദനയുണ്ട്, കാരണം സോണിയഗാന്ധിയെ അറിയിക്കും' : മുല്ലപ്പള്ളി

പുതിയ സങ്കല്പപങ്ങളുടെ ഗോപുരം പണിയലായിരുന്നു കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ലക്ഷ്യം. പക്ഷേ വിവാദങ്ങളുടെ മേൽക്കൂരരയാണ് നിർമിച്ചതത്രയും. ക്യാംപിലെത്തിയ ശംഭു, ക്യാംപില്‍ വരാതിരുന്ന മുല്ലപ്പള്ളി, ക്യാംപില്‍ വരുമോയെന്ന് ഇനിയും അറിയാത്ത ജോസ് കെ മാണി‌...അനാവശ്യ ചർച്ചകൾക്ക് ഇടം ഒരുക്കിയ വല്ലാത്തൊരു ശിബിരമാണ് കെപിസിസിയും യൂത്തുകോൺഗ്രസും നടത്തിയത്. ശിബിരാനന്തര പുകിലുകളായിരമുണ്ട്, അവ പരിഹരിക്കാനൊരു ശിബിരമാവും  ഇനി വേണ്ടത്...

Follow Us:
Download App:
  • android
  • ios