തൃശ്ശൂ‍ർ‌‌: ചാലക്കുടിയിൽ നിന്ന് എക്സൈസിനെയും പൊലീസിനെയും വെട്ടിച്ച് സ്പിരിറ്റ് കടത്തിയ കേസ് അട്ടിമറിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും യുവമോർച്ചയും രം​ഗത്തെത്തി. ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി മുൻ അധ്യക്ഷൻ വിഎം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലേക്ക് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.

Read more at: പൊലീസ്-എക്സൈസ് സംഘത്തെ വെട്ടിച്ച് സ്‍പിരിറ്റ് ലോറി; പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു...
ചാലക്കുടിയിൽ നിന്ന് സ്പിരിറ്റ് കടത്തിവന്ന മിനിലോറിയിൽ തവിട് മാത്രമായിരുന്നെന്നാണ് എക്സൈസിൻ്റെ വിശദീകരണം. ചിറ്റൂരിലെ പ്രാദേശിക  രാഷ്ട്രീയ ഇടപെടൽ സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം ഉയരുന്നത്.  സിസിടിവിയിൽ പതിഞ്ഞ വാഹനത്തിന് പകരം സമാനമായ മറ്റൊരുവാഹനമാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചതെന്നും വിവരമുണ്ട്.

ഇതിനിടെ പിടികൂടിയ വാഹനത്തിന്റെ ഉടമയുടെ പേരിലുളള മറ്റൊരു വാഹനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവിൽ പതിഞ്ഞതിനോട് സാമ്യമുളള ഈ വാഹനത്തിന്റെ ലൈറ്റ് പൊട്ടിയിട്ടുമുണ്ട്. പാലിയേക്കര ടോളിൽ ഇടിച്ചപ്പോഴുണ്ടായതാണിവയെന്നാണ് നിഗമനം. എന്നാൽ ഈ വാഹനത്തെക്കുറിച്ച് അറിവില്ലെന്നാണ് എക്സൈസ് വിശദീകരണം.

ഈ സാഹചര്യത്തിലാണ് അട്ടിമറിക്കെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഉത്തരവാദികൾക്കെതിരെ നടപടിവേണമെന്നും ആവശ്യമുണ്ട്. ചിറ്റൂരിലെ പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് അട്ടിമറിയെന്നാരോപിച്ച്  കോൺഗ്രസ് പ്രവർത്തകർ എക്സൈസ് ഓഫീസ് ഉപരോധിച്ചു.

Read more at: ടോൾ പ്ലാസ തകർത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി, കേസില്ല, തെളിവില്ലെന്ന് എക്സൈസ്...
എക്സൈസ് സർക്കിൾ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയ യുവമോർച്ച, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ടു. സ്പിരിറ്റുമായെത്തിയ വാഹനം പെട്ടെന്ന് കാണാതാവുകയും ദിവസങ്ങൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ടെടുക്കയും ചെയ്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം എക്സൈസ് ഉദ്യോഗസ്ഥർ തന്നെ സംശയമുന്നയിച്ചിരുന്നു.