കൊച്ചി: ഗായകൻ ബാലഭാസ്കറിൻ്റെ കാറപകടത്തിൽ മരണപ്പെട്ട കേസിൽ നുണപരിശോധനയ്ക്കായി ഡ്രൈവറും മാനേജറും സിബിഐക്ക് മുൻപിൽ ഹാജരായി. അപകടമുണ്ടായ ഇന്നോവ കാർ ഓടിച്ചിരുന്ന ഡ്രൈവർ അർജുൻ, ബാലഭാസ്കറിൻ്റെ മുൻ മാനജേർ പ്രകാശൻ തമ്പി എന്നിവരാണ് നുണ പരിശോധനയ്ക്കായി കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായത്. 

ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം,പ്രകാശന്‍ തമ്പി,ഡ്രൈവര്‍ അര്‍ജുന്‍,കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനയ്ക്ക് വിധേയരാക്കണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സിബിഐ കോടതിയിൽ അന്വേഷണസംഘം ഹര്‍ജി നല്‍കിയത്. സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നുണ പരിശോധന. 

ബാലഭാസ്കറും മകളും മരിക്കാനിടയായ അപകടം നടന്നപ്പോള്‍ വാഹനമോടിച്ചിരുന്നത് താനല്ലെന്ന അവകാശവാദമാണ് ഡ്രൈവര്‍ അര്‍ജുന്‍ സിബിഐയ്ക്കു മുന്നിലും നടത്തിയത്. എന്നാല്‍ തെളിവുകളനുസരിച്ച് അര്‍ജുനാണ് വാഹനമോടിച്ചതെന്ന് സിബിഐയും വിലയിരുത്തുന്നു. ഇതേതുടര്‍ന്നാണ് അര്‍ജുനും നുണപരിശോധന നടത്തുന്നത്. 

അപകടത്തിനു മുമ്പ് ബാലഭാസ്കര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴിയാണ് കലാഭവന്‍ സോബി നല്‍കിയത്. എന്നാല്‍ ഇതിനും തെളിവുകളൊന്നും കിട്ടാത്തതിനാലാണ് സോബിക്കും നുണപരിശോധന നടത്താനുളള തീരുമാനം. സിബിഐയുടെ അപേക്ഷ സ്വീകരിച്ച കോടതി നാലു പേര്‍ക്കും നോട്ടീസ് അയക്കുകയും നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നാല് പേരും കോടതിയെ അറിയിക്കുകയുമായിരുന്നു.