നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് പൊലീസ് പിടികൂടി
തിരുവനന്തപുരം: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് പൊലീസ് പിടികൂടി. പേരൂർക്കട മുട്ടട സ്വദേശിയായ സിദ്ധാർഥ് (28) ആണ് അറസ്റ്റിലായത്. സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡാൻസാഫും പൂജപ്പുര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വലിയവിള മൈത്രി നഗറിലെ 'എസ്.പി പ്ലാസയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് 5.051 ഗ്രാം എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് 0.126 ഗ്രാം (10 എണ്ണം), ഹാഷിഷ് ഓയിൽ 17.633 ഗ്രാം, ഹൈബ്രിഡ് കഞ്ചാവ് 38.546 ഗ്രാം, കഞ്ചാവ് 5.311 ഗ്രാം എന്നിവ പിടിച്ചെടുത്തു.

സിദ്ധാർഥ് മുൻപും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പൊലീസ് അറിയിച്ചു. ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 200 കിലോ കഞ്ചാവ് കടത്ത് കേസിൽ ഇയാൾ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ മയക്കുമരുന്ന് കൈവശം വെച്ചതിന് എക്സൈസിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിക്കെതിരെയുള്ള കൂടുതൽ നിയമനടപടികൾ പൊലീസ് സ്വീകരിച്ചു വരികയാണ്.


