Asianet News MalayalamAsianet News Malayalam

എന്‍ഐഎ സംഘം കൊല്ലം പൊലീസ് ക്ലബില്‍, പിഎഫ്ഐ ജനറല്‍ സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

മൂന്ന് ദിവസം മുമ്പ് എൻ ഐ എ രാജ്യവ്യാപകമായി നടത്തിയ റൈഡിൽ പോപ്പുലർ ഫ്രണ്ടിന്‍റെ വിവിധ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ ഒളിവിലായിരുന്നു. 

Popular Front state general secretary abdul sattar will be taken into custody by the NIA team
Author
First Published Sep 28, 2022, 4:50 PM IST

കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്‌ദുൽ സത്താറിനെ എൻഐഎ കസ്റ്റഡിയിലെത്തു. ഉച്ചയോടെ കരുനാഗപ്പള്ളി പുതിയകാവിൽ പിഎഫ്ഐയുടെ നിയന്ത്രണത്തിലുള്ള കാരുണ്യ ട്രസ്റ്റിൽ നിന്നാണ് ഇയാളെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിൽ പിടികൂടിയത്.  തുടർന്ന് കൊല്ലം പൊലീസ് ക്ലബിൽ എത്തിച്ചതിന് പിന്നാലെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ദേശീയ അന്വേഷണ ഏജൻസി പോപ്പുലർ ഫ്രണ്ടിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയായ അബ്‌ദുൽ സത്താർ ഹർത്താൽ ആഹ്വാനം ചെയ്ത ശേഷം ഒളിവിൽ പോയിരുന്നു.  ഹർത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണറും ഇയാളെ ചോദ്യം ചെയ്തു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും എട്ട് അനുബന്ധ സംഘടനകളെയുമാണ് രാജ്യത്ത് നിരോധിച്ചത്. രാജ്യവ്യാപകമായി എന്‍ഐഎ അടക്കം രണ്ട് തവണ നടത്തിയ റെയ്ഡിനും അറസ്റ്റിനും ഒടുവിലാണ് പോപ്പുല‌ർ ഫ്രണ്ടിനെ നിരോധിച്ചത്. ആഗോള ഭീകര സംഘടനയായ ഐഎസുമായി സംഘടനക്ക് ബന്ധമുണ്ടെന്ന് പലതവണ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം നിരോധന വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിലുണ്ടായിരുന്നവർ സിറയയിലും ഇറാക്കിലും അഫ്ഗാനിസ്ഥാനിലുമുളള ഭീകരസംഘടനകളിലും ചേർന്ന് പ്രവർത്തിച്ചു. കേരളത്തിലെ സ‌‌ഞ്ജിന്‍റേതും അഭിമന്യുവിന്‍റയും ബിബിന്‍റെയും അടക്കമുളള കൊലപാതകങ്ങളും കർണാടകയിലെ യുവമോ‍ർച്ച പ്രവർത്തകൻ പ്രവീണ്‍ നെട്ടാരുവിന്‍റെ ഉള്‍പ്പെടെ കൊലപാതകങ്ങളും നടത്തിയത് പിഎഫ്ഐ ആണ്. പ്രൊഫസർ‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തിന് പിന്നിലും പിഫ്ഐ ആയിരുന്നുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.    

ഇന്ത്യക്ക് അകത്ത് നിന്നും വിദേശത്ത് നിന്നും ഭീകരപ്രവര്‍ത്തനം നടത്താൻ സംഘടന ഹവാല പണം എത്തിച്ചു. നിരോധിക്കപ്പെട്ട സംഘടനയായ സിമിയിലുണ്ടായിരുന്നവരാണ് പിന്നീട് പിഎഫ്ഐ സ്ഥാപിച്ചതെന്നും നിരോധിക്കപ്പെട്ട ജമാത്ത് ഉല്‍ മുജാഹിദീൻ ബംഗ്ലാദേശുമായി സംഘടനക്ക് ബന്ധമുണ്ടെന്നും കേന്ദ്രം പറഞ്ഞു. പോപ്പുലർ ഫ്രണ്ടിന്‍റ പ്രവർ‍ത്തനം തുടരുന്നത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും സംഘടനയെ നിരോധിച്ചുകൊണ്ട് കേന്ദ്രം വ്യക്തമാക്കി.

യുഎപിഎ ആക്ട് 1967 സെക്ഷൻ മൂന്ന് പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. അടിയന്തര നിരോധനമാണെങ്കിലും ട്രൈബ്യൂണലിന്‍റെ സ്ഥിരീകരണമെന്ന സാങ്കേതികത്വം കൂടി നിലനല്‍ക്കുന്നുണ്ട്. അതേസമയം നിരോധനത്തില്‍ പിഎഫ്ഐയുടെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐയെ ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശ്, കർണാടക, ഗുജറാത്ത് സംസ്ഥാനങ്ങള്‍ നേരത്തെ നിരോധനത്തിന് കേന്ദ്രത്തോട് ശുപാർശ ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios