Asianet News MalayalamAsianet News Malayalam

കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; നാളത്തെ യോഗം നിര്‍ണായകം

നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. അതോടെ ജോസഫും ജോസ് കെ മാണിയും രണ്ട് വഴിക്കാകും

possibility for split in Kerala Congress, Tomorrow's meeting is crucial
Author
Kottayam, First Published Jun 15, 2019, 6:43 PM IST

കോട്ടയം: കേരള കോൺഗ്രസ് എം പിളർപ്പിലേക്ക്. ജോസ് കെ മാണി വിഭാഗം നാളെ കോട്ടയത്ത് സംസ്ഥാന സമിതി യോഗം വിളിച്ചു. നാളത്തെ യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കുന്നതോടെ പാർട്ടി പിളർപ്പിലേക്ക് കടക്കും.

ജോസഫിന്‍റെ ഇന്നലത്തെ ഒത്തുതീർപ്പ് ഫോർമുല തള്ളിയ ജോസ് കെ മാണി ഇന്ന് ഒരു പടി കൂടി കടന്നു. നാളെ ഉച്ചയ്ക്ക് രണ്ടിന് കോട്ടയം സിഎസ്ഐ ഹാളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുക്കും. അതോടെ ജോസഫും ജോസ് കെ മാണിയും രണ്ട് വഴിക്കാകും. 

സംസ്ഥാന കമ്മറ്റി വിളിക്കണമെന്ന്  127 പേർ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു. ജോസഫ് ഇതിനെ അവഗണിച്ചതോടെയാണ് സമാന്തരമായി യോഗം വിളിക്കാൻ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.

ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുള്ള സാഹചര്യത്തിൽ വിമത പ്രവർത്തനമായി യോഗത്തെ വ്യാഖ്യാനിക്കാൻ കഴിയില്ലെന്നാണ് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ച നിയമോപദേശം.

"കെ എം മാണിയുടെ ഇരിപ്പിടം സംബന്ധിച്ച് എംഎൽഎമാരോട് ചോദിക്കാതെ ജോസഫ് സ്വയം ഇരുന്നു. ഈ സാഹചര്യത്തിലാണ് ഭരണഘടന പരമായി സംസ്ഥന കമ്മിറ്റി ചേരുന്നത്. ജോസഫിനടക്കം നാളെ എല്ലാവർക്കും ക്ഷണമുണ്ട്" ജോസ് കെ മാണി പറഞ്ഞു. 

പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെടില്ലെന്നും ജോസ് കെ മാണി വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി എംപിമാർക്ക് അടക്കം പാർലമെൻററി പാർട്ടിയിൽ വോട്ടെടുപ്പിന് അവകാശമുണ്ടെന്നും ജോസ് കെ മാണി വിഭാഗം പറയുന്നു. ജോസഫ് വിഭാഗത്തിലെ ഇനിയുള്ള നീക്കം നിർണായകമാണ്. 

അച്ചടക്ക നടപടി എന്ന ആയുധം എത്രത്തോളം നിലനിൽക്കും എന്ന് കാത്തിരുന്നു കാണണം. കണ്ണൂരിൽ നിന്നും ജോസഫ് തൊടുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്. പിളരുമ്പോൾ ഇനി ഇരുപക്ഷവും നിയമപോരാട്ടത്തിലേക്കും കടക്കും.

Follow Us:
Download App:
  • android
  • ios