തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പ്രശ്നം ഇനി വഷളാക്കാനില്ലെന്ന നിലപാട് സിപിഎമ്മിനും സിപിഐക്കുമുണ്ട്. സംസ്ഥാനത്ത് ഉരുത്തിരിയേണ്ട ഉഭയക്ഷി ധാരണക്ക് പക്ഷെ ഇതുവരെ കളം ഒരുങ്ങിയിട്ടില്ല.
തൃശ്ശൂര്‍: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഎം-സിപിഐ തർക്കം മുന്നണി കെട്ടുറപ്പിനെ ബാധിക്കുന്നുണ്ടെന്ന് തുറന്നടിച്ച് കേരളാ കോൺഗ്രസ്. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവി വിഷയത്തില്‍ പ്രശ്ന പരിഹാര ചർച്ചയാകാമെന്ന് അറിയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ത്യാഗം ചെയ്യുന്നത് കൊണ്ടാണ് ഇടതുമുന്നണിയിൽ സിപിഐ തുടരുന്നതെന്നും ഓർമ്മിപ്പിച്ചു.
ഉപനേതൃപദവി വിവാദത്തിൽ സമവായ നിർദ്ദേശങ്ങൾ ഒരുവശത്തുണ്ടെങ്കിലും പ്രശ്നപരിഹാരത്തിലേക്ക് ചർച്ചകളെത്തിയിട്ടില്ല. വിഷയത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടുണ്ടാക്കിയ ശുപാർശയിൽ തുടർ നിലപാടും സ്വീകരിക്കേണ്ടത് സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങളാണ്. തുറന്ന ചർച്ചകൾക്ക് സിപിഐ സന്നദ്ധമെന്നാണ് ബിനോയ് വിശ്വം അറിയിക്കുന്നുണ്ട്. അതേസമയം, വിഷയത്തില്‍ ഘടകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പ് തുടരുകയാണ്.
മുന്നണി പ്രവർത്തനത്തേയും പ്രതിപക്ഷ ഇടപെടലിനേയും ബാധിക്കുന്ന പ്രശ്നത്തിൽ കേരള കോൺഗ്രസിന് പരസ്യ വിയോജിപ്പാണ്. അതൃപ്തി ജോസ് കെ മാണി ആവർത്തിക്കുകയാണ്. പ്രശ്നം ഇനി വഷളാക്കാനില്ലെന്ന നിലപാട് സിപിഎമ്മിനും സിപിഐക്കുമുണ്ട്. സംസ്ഥാനത്ത് ഉരുത്തിരിയേണ്ട ഉഭയക്ഷി ധാരണയ്ക്ക് പക്ഷെ ഇതുവരെ കളം ഒരുങ്ങിയിട്ടില്ല.
വിമർശനവുമായി ജോസ് കെ മാണി
അഭിപ്രായ വിത്യാസങ്ങൾ മുന്നണിയെ ദുർബലപ്പെടുത്തുന്നുവെന്ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു. ജനങ്ങളുടെ വികാരം മാനിക്കണമെന്നും ജോസ് കെ മാണി പറഞ്ഞു. പുറം തൊലിയിൽ മരുന്ന് കൊടുത്താൽ പോര, അകത്ത് എന്താണ് എന്ന് ആഴത്തിൽ പരിശോധിക്കണം. പദവിയെക്കാൾ കൂടുതൽ പ്രശ്നങ്ങൾ മുന്നണിക്ക് ഏറ്റെടുക്കാനുണ്ട്. ഉപനേതൃപദവി സംബന്ധിച്ച് കേരള കോൺഗ്രസിന് എതിർപ്പോ വിയോജിപ്പോയില്ല. വിഷയത്തില്‍ സിപിഎമ്മും സിപിഐയും തമ്മിൽ ആലോചിച്ച് തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട ജോസ് കെ മാണി, മുന്നണി മാറ്റം ഇല്ലെന്നും എൽഡിഎഫിൽ തുടരുമെന്നും വ്യക്തമാക്കി.

