കല്ലേരി - കുറ്റിക്കടവ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ വാസുദേവന് പരിക്കേറ്റത്. ജലജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ  ശാസ്ത്രീയമായി മണ്ണിട്ടു മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ

കോഴിക്കോട്: റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കോഴിക്കോട് തെങ്ങിലക്കടവ് സ്വദേശി വാസുദേവനാണ് കൈക്കും കാലുകൾക്കും പരിക്കേറ്റത്. ജലജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡിലെ കുഴികൾ ശാസ്ത്രീയമായി മണ്ണിട്ടു മൂടാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ്, കല്ലേരി - കുറ്റിക്കടവ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ വാസുദേവന് പരിക്കേറ്റത്. കുഴിയിൽ വീണ് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. വാസുദേവന്‍റെ ഇരു കാലുകൾക്കും കൈക്കും കാര്യമായ മുറിവും പൊട്ടലുമുണ്ട്. പൊതുമരാമത്ത് വകുപ്പിന്‍റെ റോഡാണിത്. ഈ അടുത്ത് ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ചു. എന്നാൽ പിന്നീട് ശാസ്ത്രീയമായി കുഴി മണ്ണിട്ട് മൂടിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങളും ഇവിടെ തുടർകഥയാണ്.

നെടുമ്പാശേരിയിൽ ദേശീയ പാതയിലെ കുഴിയിൽവീണ് ഹോട്ടൽ ജീവനക്കാരന് ദാരുണാന്ത്യം ഉണ്ടായ പശ്ചാത്തലത്തിൽ വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കർശന നടപടിക്ക് നിർദേശിച്ചിരുന്നു. റോഡ് മോശമായതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ ജില്ലാ കളക്ടർമാർ എന്ത് നടപടിയെടുത്തു? ആളുകളെ ഇങ്ങനെ മരിക്കാൻ വിടാൻ കഴിയില്ല. മരിച്ചുകഴിഞ്ഞിട്ടാണോ ഇവർ നടപടിയെടുക്കുന്നത്? മരിച്ചവരുടെ കുടുംബങ്ങളോട് ആര് സമാധാനം പറയും? സുപ്രധാന ചുമതല വഹിക്കുന്ന ഈ ഉദ്യോഗസ്ഥർ വെറും കാഴ്ചക്കാരായി മാറരുത്. മനുഷ്യ നിർമിത ദുരന്തങ്ങളാണ് പലപ്പോഴും നമ്മുടെ റോഡുകളിൽ നടക്കുന്നത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. റോഡിലെ കുഴിയിൽ വീണ് ആരെങ്കിലും മരിച്ചാൽ കളക്ടർമാർ സമാധാനം പറയേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മരണക്കെണിയായി കുഴി; റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

തൃശ്ശൂർ പൂവത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. പോന്നൂർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പൂവത്തൂർ പാവറട്ടി റോ‍ഡിലെ കുഴിയിൽ വീണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പള്ളിയിലേക്ക് പോവുകയായിരുന്ന ജോണിയും ജോളിയും. കോലുക്കൽ പാലത്തിന് സമീപത്തെ കുഴിയിൽ വീണതോടെ നിയന്ത്രണം വിട്ട് നിലത്തുവീണു. ജോണിയുടെ ശരീരമാസകലം പരിക്കുപറ്റി. ഉടൻ നാട്ടുകാര്‍ ചേര്‍ന്ന് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വെള്ളം കെട്ടി കിടന്ന കുഴി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് പരിക്കേറ്റ ജോണിയും ജോളിയും പറയുന്നത്. 

ഒടുവിൽ റോഡിലെ കുഴിയെണ്ണി പൊലീസിന്റെ റിപ്പോർട്ട്, പത്തനംതിട്ടയിൽ 38 കുഴി!

പത്തനംതിട്ട ജില്ലയിൽ 38 സ്ഥലങ്ങളിൽ റോഡിൽ കുഴിമൂലം അപകടം സാധ്യത നിലനിൽക്കുന്നതായി പൊലീസിന്റെ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് എച്ച്ഒമാരാണ് സ്റ്റേഷൻ പരിധിയിലെ കുഴികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകിയത്. പിഡബ്ല്യൂഡി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി റോഡുകളിലെ കുഴികൾ ഇതിൽ ഉൾപ്പെടും. പൊലീസ് കണ്ടെത്തിയ സ്ഥലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.