കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ പഞ്ചായത്തംഗമായ ഭാര്യ മയക്കു മരുന്നു കേസിൽ പെടുത്തിയ കേസിൻറ യാഥാർത്ഥ വസ്തുത പുറത്തു കൊണ്ടു വന്നത് ഇദ്ദേഹത്തിൻറെ അന്വേഷണമാണ്. 

തൊടുപുഴ: കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുമെന്ന ദുഷ്പേര് കേരള പോലീസിന് പലപ്പോഴും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അങ്ങനെയല്ലാത്ത ഉദ്യോ​ഗസ്ഥരും സേനയിലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കിവണ്ടന്മേട് സി.ഐ വി.എസ്.നവാസ്. കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ പഞ്ചായത്തംഗമായ ഭാര്യ മയക്കു മരുന്നു കേസിൽ പെടുത്തിയ കേസിൻറ യാഥാർത്ഥ വസ്തുത പുറത്തു കൊണ്ടു വന്നത് ഇദ്ദേഹത്തിൻറെ അന്വേഷണമാണ്. മയക്കു മരുന്നു കേസിൽ ജയിലിൽ കിടക്കേണ്ട സുനിൽ വർഗസീൻ്റെ നിരപരാധിത്വമാണ് ഇതിലൂടെ സി ഐ നവാസ് തെളിയിച്ചത്. സുനിലിൻറെ ഭാര്യ സൗമ്യയാണ് വാഹനത്തിൽ മയക്കു മരുന്നു വച്ചത്.

എൻഡിപിഎസ് ആക്ട് അനുസരിച്ച് മയക്കു മരുന്ന് കണ്ടെത്തിയാൽ വാഹനത്തിലുള്ളയാളെ അറസ്റ്റു ചെയ്യാം. എം.ഡി.എം.എ തുച്ഛമായ അളവിൽ പിടികൂടിയാലും പത്തുവർഷം വരെ തടവ് ലഭിക്കും. എന്നാൽ സുനിലിന് മയക്കുമരുന്ന് വില്പനയുമായി ഒരു ബന്ധവും ഇല്ലെന്ന് ആദ്യ ഘട്ട അന്വേഷണത്തിൽ തന്നെ വണ്ടൻമേട് സി.ഐ. വി.എസ്. നവാസിന് ഉറപ്പായി. ഇതോടെ സുനിലിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ‌‌‌‌

തീരുമാനം ഉന്നത ഉദ്യോഗസ്ഥരെ പറഞ്ഞു ബോധ്യപ്പെടുത്തി കൂടുതൽ അന്വേഷണത്തിന് അനുമതി വാങ്ങി. പല കോണുകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങളെ അതിജീവിച്ച് നിലപാടിലുറച്ച് അന്വേഷണം മുന്നോട്ടു പോയി. അങ്ങനെയാണ് കമിതാക്കളായ സൗമ്യയ്ക്കും വിനോദിനും ഒരുമിച്ച് ജീവിക്കാൻ ഭർത്താവ് സുനിൽ വർഗീസിനെ മയക്കു മരുന്ന് കേസിൽ കുടുക്കിയതാണെന്ന് കണ്ടെത്തിയത്

ഭാര്യ പഞ്ചായത്തംഗമായതിനാൽ ശത്രുക്കൾ കള്ളക്കേസിൽ കുടുക്കാൻ ചെയ്തതാണോയെന്നായി അടുത്ത പരിശോധന. സംശയമുള്ളവരെ ചോദ്യംചെയ്തെങ്കിലും ഇവർക്കൊന്നും പങ്കില്ലെന്ന് വ്യക്തമായി. ഇതിനിടെ, മയക്കുമരുന്ന് പിടികൂടിയിട്ടും സുനിലിനെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതിൽ സി.ഐ.ക്കെതിരേ ആരോപണങ്ങളുമുയർന്നു. തുടർന്ന് രഹസ്യവിവരം വന്ന വഴിയിലേക്ക് പോലീസ് തിരിച്ചുനടന്നു.

ഫോൺകോൾ വിവരങ്ങളടക്കമുള്ള തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെയാണ് സൗമ്യ കുറ്റം സമ്മതിച്ചത്. ഒരു മാസം മുമ്പ് എറണാകുളത്ത് ഹോട്ടലിൽ മുറിയെടുത്തു താമസിച്ചാണ് സൗമ്യയും വിനോദും പദ്ധതി തയ്യാറാക്കിയത്. സൗമ്യയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. നിരപരാധിത്വം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും സുനിൽ പറഞ്ഞു. 

നേരത്തെ മറ്റൊരു സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഒരു കൊലക്കേസിലും ഇത്തരത്തിൽ നിരപരാധിയെ നവാസ് രക്ഷപെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം എറണാകുളത്ത് ജോലി ചെയ്യുമ്പോൾ ഇയാൻ കാണാനെത്തിയ സംഭവവും നവാസിൻ്റെ ഓ‍ർമകളിലുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന നിലപാട് എന്തൊക്കെ സമ്മർദ്ദങ്ങളുണ്ടായാലും സർവീസിൽ ഉള്ളിടത്തോളം തുടരുമെന്നും നവാസ് പറയുന്നു. 

YouTube video player