Asianet News MalayalamAsianet News Malayalam

'ബിജെപി എംഎല്‍എമാരോ എംപിമാരോ ഇല്ലെങ്കിലും വിവേചനം കാണിക്കില്ല; മിഷൻ സൗത്ത് കേരളത്തിലും പ്രാവര്‍ത്തികമാവും'

കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രം 6 കോടി വാക്സിന് ഡോസുകൾ സൗജന്യമായി നൽകി. 2.81 കോടി ജനങ്ങൾക്ക് മുഴുവൻ വാക്സിനും സൗജന്യമായി നൽകി. 1.5 കോടി പേർക്ക് ഇരുപത് മാസമായി സൗജന്യമായി കേന്ദ്രം 5 കിലോ അരി നൽകുന്നു. 2023 ലും ഇത് തുടരും. എല്ലാവർക്കും 140 കിലോ അരിവരെ സൗജന്യമായി ലഭിച്ചു. ഞാൻ ജനങ്ങളോട് പറഞ്ഞു ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. 

Prakash Javadekar details BJP plan of mission south
Author
First Published Jan 16, 2023, 10:16 AM IST

ദില്ലി: നിർണായക സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരെഞ്ഞെടുപ്പും അടുത്തിരിക്കെ അധികാരം നിലനിർത്താനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റി തുടങ്ങുകയാണ് ബിജെപി. ഇന്ന് ദില്ലിയിൽ ചേരുന്ന ദേശീയ നിർവാഹക സമിതി യോഗത്തിലെ പ്രധാന ചർച്ച തെരഞ്ഞെടുപ്പ് ഒരുക്കമാണ്. മിഷൻ സൗത്തുമായി ദക്ഷിണേന്ത്യയിൽ കൂടി വേരൂന്നാൻ ശ്രമിക്കവേ പാർട്ടിക്ക് മുന്നിൽ വെല്ലുവിളികളേറെയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ചുമതലയേറ്റെടുത്ത പ്രകാശ് ജാവദേക്കർ എംപി  ഏഷ്യാനെറ്റ് ന്യൂസിനോട് മനസ് തുറക്കുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റിപ്പോർട്ടർ വൈശാഖ് പ്രകാശ് ജാവദേക്കറുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം. 

ഇന്ന് മുതൽ നിർണായക നിർവാഹക സമിതി യോഗം തുടങ്ങുകയാണ്. ബിജെപിയുടെ ഒരുക്കങ്ങൾ എവിടവരെയെത്തി ? എന്താണ് പ്രതീക്ഷകൾ ?
 
ബിജെപി മാത്രമാണ് രാജ്യത്ത് നിലവിൽ ദേശീയ നിർവാഹക സമിതി യോഗങ്ങൾ സ്ഥിരമായി ചേരുന്ന പാ‌ർട്ടി. ഞങ്ങളൊരു ജനാധിപത്യ പാർട്ടിയാണ്. ഈ വർഷം പാർട്ടിക്ക് വളരെ നിർണായകമാണ്. 7 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തെത്തി. രാജ്യത്തിന്റെ എല്ലാ കോണിൽനിന്നും അണികൾ പാർട്ടിക്ക് വിജയമെത്തിക്കുമെന്നാണ് പ്രതീക്ഷ.

കേരളത്തിൽ നീണ്ട സന്ദർശനം പൂർത്തിയാക്കി ദില്ലിയിൽ തിരിച്ചെത്തിയിരിക്കുകയാണ് താങ്കൾ. എന്താണ് അനുഭവം ? സംസ്ഥാന നേതൃത്ത്വത്തിന് മുന്നിലുള്ള വെല്ലുവിളികൾ എന്താണ് ?

കേരളത്തില് ഇരുമുന്നണികളിൽ കേന്ദ്രീകരിച്ച രാഷ്ട്രീയമാണ് നിലവിലുള്ളത്. എൽ‍ഡിഎഫിനും യുഡിഎഫിനും അവരുടേതായ വോട്ട് ബാങ്കുകളുണ്ട്. ബിജെപി വേറിട്ട ശബ്ദമാണ്. എന്നാൽ രണ്ട് മുന്നണികളും നിഴൽ യുദ്ധമാണ് നടത്തുന്നത്. രണ്ടും തമ്മിൽ ഒരു വ്യത്യാസവുമില്ല. ത്രിപുരയിലടക്കം അവർ ഒന്നിച്ചാണ് മത്സരിക്കുന്നത്. ബംഗാളിലും യഥാ‌ർത്ഥത്തിൽ സഖ്യമാണ്. അവസാന നിമിഷം അവർ വോട്ടുകൾ മമതയ്ക്ക് മറിച്ചു നൽകി. നയമസഭയ്ക്ക് അകത്തും പുറത്തും അവർ എല്ലായ്പോഴും ഒരുമിച്ചാണ്. ഇരുമുന്നണികളുടെയും നിഴൽ യുദ്ദം ബിജെപി തുറന്നുകാട്ടും. എൽഡിഎഫ് സർക്കാർ എന്നത് കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യങ്ങൾ, സ്വജനപക്ഷപാതം എന്നിവയുടെ കൂടിച്ചേരലാണ്. ജനങ്ങൾ തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് വൈകാതെ തിരിച്ചറിയും. ബിജെപിയെ അവർ വൈകാതെ തിരിച്ചറിയും. നരേന്ദ്രമോദിക്ക് കേരളത്തിൽ 36 ശതമാനം ജനപിന്തുണയുണ്ട്. പക്ഷേ 12 ശതമാനം വോട്ടാണ് ഞങ്ങൾക്ക് ലഭിച്ചത്. എല്ലാ വിഭാഗം ജനങ്ങളിക്കും ഞങ്ങൾ എത്തുകയാണ്. വൈകാതെ കേരളത്തിൽ ബിജെപി ഒരു നിർണായക ശക്തിയാകും. കാരണം കേരളം കൂടുതൽ നല്ലത് അർഹിക്കുന്നുണ്ട്. കേരളത്തിൽ തൊഴിലില്ല, വ്യവസായങ്ങളില്ല. ഈയിടെ ഒരു സൂപ്പർ മാർക്കററ് ഉടമ മർദിക്കപ്പെടുന്നത് നമ്മൾ കണ്ടു. ഇങ്ങനെയായാൽ എങ്ങനെ വ്യവസായം വളരും. വ്യവസായങ്ങൾക്ക് തീർത്തും എതിരായ സാഹചര്യമാണ് സംസ്ഥാനത്തുളളതെന്ന് പലരും എന്നോട് പറഞ്ഞു.

 മോദിക്ക് 36 ശതമാനം ജനപിന്തുണയുണ്ടെന്ന് താങ്കൾ പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് കേരളം ബിജെപിയോട് അകലം പാലിക്കുന്നത് ?

നരേന്ദ്ര മോദി നല്ല ഭരണ മാതൃക കാണിച്ചു നൽകി. ഞങ്ങൾക്ക് സംസ്ഥാനത്തുനിന്നും എംഎൽഎമാരോ എംപിമാരോ ഇല്ല. പക്ഷേ കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രം 6 കോടി വാക്സിന് ഡോസുകൾ സൗജന്യമായി നൽകി. 2.81 കോടി ജനങ്ങൾക്ക് മുഴുവൻ വാക്സിനും സൗജന്യമായി നൽകി. 1.5 കോടി പേർക്ക് ഇരുപത് മാസമായി സൗജന്യമായി കേന്ദ്രം 5 കിലോ അരി നൽകുന്നു. 2023 ലും ഇത് തുടരും. എല്ലാവർക്കും 140 കിലോ അരിവരെ സൗജന്യമായി ലഭിച്ചു. ഞാൻ ജനങ്ങളോട് പറഞ്ഞു ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. ജനങ്ങൾക്ക് ഇത് അറിയാം. 52 ലക്ഷം പേർക്ക് മുദ്ര ലോണും ലഭിച്ചു. അവർ വിജയകരമായി കച്ചവടം നടത്തുന്നു. ഇതൊക്കെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യണം.  56 ലക്ഷം പേർക്ക് ജൻധൻ അക്കൗണ്ട് ഉണ്ട്. 37 ലക്ഷം കർഷകർക്ക് കിസാൻ സമ്മാൻ പദ്ദതിയിലൂടെ 20,000 രൂപ വീതം ലഭിച്ചു. മോദി ആരോടും മതമോ ജാതിയോ അടിസ്ഥാനമാക്കി വിവേചനം കാണിക്കുന്നില്ല.

പിന്നെന്തുകൊണ്ടാണ് ജനങ്ങൾ ബിജെപിയോട് അകലം പാലിക്കുന്നത് ?

ബിജെപി പോലൊരു ദേശീയ പാർട്ടിക്കെതിരെ എൽഡിഎഫും യുഡിഎഫും നടത്തുന്ന വ്യാജ പ്രചാരണം നടത്തിയതിന്റെ ഫലമാണത്. ഞങ്ങളത് മറികടക്കും. കഴിഞ്ഞ ക്രിസ്മസിന് ലക്ഷക്കണക്കിന് പ്രവർത്തകർ ക്രിസ്ത്യൻ കുടുംബങ്ങളിലേക്ക് എത്തി. ഇത് രാഷ്ട്രീയമല്ല. എല്ലാവരും ഇന്ത്യാക്കാരാണെന്ന ഞങ്ങളുടെ കാഴ്ചപ്പാടാണത്. നമ്മുടെ സഹോദരങ്ങളാണ്.

ഏതു തരത്തിലാണ് കേരളത്തിലെ മുസ്ലീം വിഭാഗത്തിലേക്ക് പാർട്ടി എത്താൻ ശ്രമിക്കുന്നത് ?

എല്ലാവരിലേക്കും എത്താൻ ശ്രമിക്കും. ആരോടും വിവേചനമില്ല. ആയിരകണക്കിന് മുസ്ലീം വിഭാഗത്തിലുള്ളവർ മോദിയുടെ പ്രവർത്തനങ്ങളിൽ എന്നോട് നന്ദി അറിയിച്ചു.

എന്താണ് ബിജെപിയുടെ മിഷൻ സൗത്ത് ?

ഇതിനോടകം കർണാടകത്തിലും പോണ്ടിച്ചേരിയിലും മിഷൻ സൗത്ത് നടപ്പായി. കേരളത്തിൽ അടക്കം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ ബിജെപി നിർണായക ശക്തിയാകും. കോൺഗ്രസ് ദുർബലമാവുകയാണ്, എല്ലാവരും അകലുകയാണ്. തമ്മിൽതല്ലുന്ന കൂട്ടായ്മയായി കോൺഗ്രസ് മാറിക്കഴിഞ്ഞു. തരൂർ അടക്കമുള്ള നേതാക്കൾ എന്താണ് ചെയ്യുന്നതെന്ന് നമ്മൾ കാണുന്നുണ്ട്. 2019 ലെ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും കരുതി. അതുകൊണ്ടാണ് അവർക്ക് 20ൽ 19 സീറ്റുകൾ ലഭിച്ചത്. എന്നാൽ രണ്ടുവർഷത്തിന് ശേഷം നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ 21 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ജനങ്ങൾ തിരിച്ചറിഞ്ഞു, രാഹുൽ പ്രധാനമന്ത്രിയാകാൻ പോകുന്നില്ലെന്ന് മനസിലായി. ജനങ്ങളുടെ കാഴ്ചപ്പാട് മാറിയിട്ടുണ്ട്. ബിജെപിയോടുള്ള മനോഭാവവും മാറും. ബിജെപി തെരുവിറങ്ങി പോരാടും, ഇരു മുന്നണികളുടെയും അഴിമതി തുറന്നുകാട്ടും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്ഥാനാർത്ഥികളെ ബിജെപിയിൽനിന്നും പ്രതീക്ഷിക്കാമോ ?

പാർലമെന്ററി ബോർഡോ തെരഞ്ഞെടുപ്പ് സമിതിയോ തെരഞ്ഞെടുപ്പിന്റെ 2 മാസങ്ങൾക്ക് മുൻപാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുക. പക്ഷേ ഇതിനോടകം മണ്ഡലങ്ങളിൽ ഞങ്ങൾ പ്രവർത്തനം തുടങ്ങികഴിഞ്ഞു.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും നടൻ സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നും കേൾക്കുന്ന അഭ്യൂഹങ്ങളിൽ സത്യമുണ്ടോ ?

 പ്രശംസ ജനാധിപത്യ രാജ്യത്ത് സൗജന്യമാണ്. ഊഹോപോഹങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾക്ക് കേൾക്കാൻ രസമുണ്ടാകില്ല. ഇത്തരം വാർത്തകൾ നൽകുന്നവർക്ക് എല്ലാ ആശംസകളും നേരുന്നു. ഇത്തരം വാർത്തകൾ ബിജെപിക്ക് ഭാവിയും ഗുണം ചെയ്യും.

ഏതൊക്കെ മണ്ഡലങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പ്രവർത്തനം ?

ആറോ ഏഴോ മണ്ഡലങ്ങളിൽ ഞങ്ങൾക്ക് 3 ലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചിട്ടുണ്ട്. അവിടുത്തെ സാഹചര്യം വ്യത്യസ്തമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുളള വീടുകളിൽ ഞങ്ങളെത്തും. പ്രാദേശിക വിഷയങ്ങളിലടക്കം ഇടപെടും.

 ശശി തരൂ‌ർ കോൺഗ്രസിന് പുറത്തുവന്നാൽ ബിജെപി പിന്തുണയ്ക്കുമോ ?

ഊഹാപോഹങ്ങളെ പറ്റി സംസാരിക്കാനില്ല. ഞാൻ തരൂർ കോൺഗ്രസിൽനിന്നും പുറത്തേക്ക് വരുന്നത് കാണുന്നില്ല. പക്ഷേ കോൺഗ്രസിന്റെ ശക്തി ക്ഷയിക്കുകയാണ്. പാർട്ടിക്കകത്ത് വലിയ പ്രശ്നങ്ങളുണ്ട്. പക്ഷേ സിപിഎമ്മും ലീഗും തമ്മിലുള്ള പുതിയ പ്രണയം മുസ്ലീം വോട്ടർമാർക്കിടയിൽ വലിയമാററമുണ്ടാക്കും.

ആ പ്രണയം എങ്ങനെ തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് താങ്കൾ കരുതുന്നത് ?

അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പറയാനില്ല. നടക്കേണ്ടത് നടക്കട്ടെ, അത് സംസ്ഥാനത്തെ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുണ്ടാക്കും.

സംസ്ഥാന ബിജെപി നേതൃത്ത്വത്തെ കുറിച്ച് എന്താണ് തോന്നുന്നത് ?

കഴിഞ്ഞ നാല് മാസത്തിനിടെ 4 കോർകമ്മറ്റി യോഗങ്ങൾ ഞങ്ങൾ നടത്തി. എല്ലാ ജില്ലകളിലും ആയിരക്കണക്കിന് പ്രധാനപ്പെട്ട പ്രവർത്തകരുമായി സംസാരിച്ചു. ഒരിടത്തും പ്രചരിക്കുന്ന തരത്തിൽ കാര്യമായ ആഭ്യന്തര പ്രശ്നങ്ങൾ കണ്ടിട്ടില്ല. കോർകമ്മറ്റിയിൽ ഒരുമിച്ചാണ് തീരുമാനമെടുത്തത്. കോർ കമ്മററിയിലെ ഓരോരുത്തർക്കും ചുമതല നൽകിയിട്ടുണ്ട്. അവർ ആ മേഖലകളിൽ പ്രവർത്തിക്കുന്നു. ബിജെപി മാത്രമാണ് കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ ശബ്ദം എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇരു മുന്നണികളും ബിജെപിയെ താറടിക്കാനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്.

സംസ്ഥാനത്തെ ബിജെപി നേതൃത്ത്വത്തിൽ താങ്കൾ പൂർണ തൃപ്തനാണോ ?

തീർച്ചയായും, നേതൃത്ത്വം മികച്ചതാണ്. കഴിവ് തെളിയിച്ച പുതിയ പ്രവർത്തകരെ എപ്പോഴും മുന്നോട്ട് കൊണ്ടുവരുന്ന പാർട്ടിയാണ് ബിജെപി. ഞങ്ങൾ വളരും. ബൂത്ത് കമ്മറ്റി മുതൽ കോർ കമ്മറ്റി വരെ പാർട്ടിയിൽ കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തും. മോദിയുടെ ഭരണനേട്ടങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ ഇനിയും സ്വാഗതം ചെയ്യുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പുവരെ ഇനി കേരള ബിജെപി നേതൃത്ത്വത്തിൽ മാറ്റമുണ്ടാകില്ലെന്ന് താങ്കൾ നേരത്തെ പറഞ്ഞത് എന്തുകൊണ്ടാണ് ?

ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കേരളത്തിലെ മാധ്യമങ്ങളാണ് അങ്ങനെ പറഞ്ഞത്. ആദ്യമായാണ് ഞാൻ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാണുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സുരേന്ദ്രൻ മാറുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ബിജെപിയെ താറടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. കെ സുരേന്ദ്രനും മറ്റ് ഭാരവാഹികളും ഇപ്പോഴുള്ള ചുമതലയിൽ തുടരും. ബിജെപി എല്ലാ തലത്തിലും വളരുകയാണ്, അത് തുടരും.

കെ. സുരേന്ദ്രൻ തുടരുമെന്നത് ദേശീയ നേതൃത്ത്വത്തിന്റെ അന്തിമ തീരുമാനമാണോ ?

 കേരളത്തിന്റെ ചുമുതലയിലുള്ള വ്യക്തി എന്ന നിലയിൽ ഞാൻ പറയുന്നത് ഔദ്യോഗിക തീരുമാനമാണ്. ബിജെപിയിൽ കൃത്യ സമയങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും. ബിജെപി ഒരു കുടുംബ പാർട്ടിയല്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെയുള്ള ഒരേയൊരു സീറ്റും നഷ്ടമായി ?

ബിജെപി വിജയിക്കുമായിരുന്ന നേമത്ത് അവസാന നിമിഷം ഇരുമുന്നണികളും ഒന്നിച്ച് ബിജെപിയുടെ പരാജയം ഉറപ്പാക്കിയതാണ്. ഇനി അവർ എന്തുവേണമെങ്കിലും ചെയ്യട്ടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറക്കുക മാത്രമല്ല തിളക്കമാർന്ന വിജയം നേടും. ഞാൻ എല്ലാ മാസവും 15 ദിവസം വരെ സംസ്ഥാനത്തുണ്ടാകും.

Follow Us:
Download App:
  • android
  • ios