വോട്ട് ക്രമക്കേടെന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തിലാണ് ഫ്ലാറ്റിലെ സ്ഥിരം താമസക്കാരിയുടെ വെളിപ്പെടുത്തൽ.
തൃശൂർ: തൃശൂരിലെ വ്യാജ വോട്ട് ആരോപണം സ്ഥിരീകരിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് തൃശൂർ സ്വദേശി പ്രസന്ന അശോക്. ഫ്ലാറ്റിൻ്റെ വിലാസത്തിൽ വോട്ടുകൾ ചേർത്തെന്ന് പ്രസന്ന അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൂങ്കുന്നം ക്യാപ്പിറ്റൽ വില്ലേജിൽ 4 സിയിലാണ് പ്രസന്നയും കുടുംബവും താമസിക്കുന്നത്. വോട്ട് ക്രമക്കേടെന്ന ആരോപണം ശക്തമാവുന്ന സാഹചര്യത്തിലാണ് ഫ്ലാറ്റിലെ സ്ഥിരം താമസക്കാരിയുടെ വെളിപ്പെടുത്തൽ.
തന്റെ ഫ്ലാറ്റിന്റെ വിലാസത്തിൽ ചേർത്ത ഒൻപത് വോട്ടുകളും കള്ളവോട്ട് ആണ്. റെന്റ് എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപ്പോയാണ് വോട്ട് ചേർത്തത്. എന്നാൽ വോട്ടു ചേർത്ത 9 പേരെയും അറിയില്ലെന്നും വോട്ടെടുപ്പിന് ശേഷം കളക്ടർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രസന്ന അശോക് പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് അനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പൂങ്കുന്നത്തെ പ്രസന്ന അശോകന്റെ ഫ്ലാറ്റിൽ ചേർക്കപ്പെട്ട ഒൻപത് വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടില്ലെന്ന് അനിൽ പ്രതികരിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുകയാണ് ചെയ്തത്. ക്ലിപ്പ് കൊടുക്കാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ ഇക്കാര്യം മനസ്സിലായി. തുടർന്ന് ഏപ്രിൽ 24ന് ജില്ലാ കളക്ടർക്ക് പരാതി നൽകി. ബൂത്തിൽ മറ്റ് ഫ്ലാറ്റുകളിലെ കള്ളവോട്ട് ചോദ്യം ചെയ്യപ്പെട്ടതോടെ പ്രസന്നയുടെ ഫ്ലാറ്റിൽ വോട്ട് ചേർക്കപ്പെട്ട ആളുകൾ ബൂത്തിലേക്ക് വന്നില്ല. 9 പേരുടെ വോട്ട് ചേർത്തു എന്ന പ്രസന്നയുടെ പരാതിയിൽ നാളിതുവരെ നടപടി എടുത്തിട്ടില്ലെന്നും അനിൽ പറഞ്ഞു.



