ഇടുക്കി: രക്തസ്രാവത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയില്‍ തടിച്ചുകൂടി. കട്ടപ്പന സുവര്‍ണഗിരി കരോടന്‍ ജോജിന്റെ ഭാര്യ ജിജിയും കുട്ടിയുമാണ് മരിച്ചത്.

നാല് മാസം ഗര്‍ഭിണിയായിരുന്നു ജിജി. രക്ത സ്രാവത്തെ തുടര്‍ന്നാണ് ബന്ധുക്കള്‍ ജിജിയെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ബന്ധുക്കളെ പുറത്താണ് നിര്‍ത്തിയത്. ഇതിനിടെ രക്തം വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ രക്തം നല്‍കിയെന്ന് പറയുന്നു. ഇതിനിടെ ആശുപത്രിയിലേക്ക് പൊലീസ് ജീപ്പ് എത്തിയതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. 

തുടര്‍ന്ന് പൊലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി. വണ്ടന്‍മേട് സ്റ്റേഷനില്‍ നിന്നും സി.ഐ ഉള്‍പ്പെടെയുള്ള പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം കൊവിഡ് ടെസ്റ്റിനായി ഇടുക്കി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.