കൊമ്പൻ്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍.

കൊച്ചി: കോടനാട് ആന പരിപാലനകേന്ദ്രത്തില്‍ ചരിഞ്ഞ കാട്ടുകൊമ്പൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊമ്പൻ്റെ മസ്തകത്തിലും തുമ്പിക്കൈയിലും പുഴുവരിച്ചിരുന്നു. മറ്റ് ആന്തരിക അവയവങ്ങൾക്ക് അണുബാധ ഇല്ലെന്നാണ് കണ്ടെത്തല്‍. ആനയുടെ മരണകാരണം ഹൃദയാഘാതം തന്നെയാണെന്നും മസ്തകത്തിലേത് കൊമ്പ് കുത്തിയതിനെ തുടർന്നുണ്ടായ മുറിവാണെന്നുമാണ് നിഗമനം.

മസ്തകത്തിന് പരിക്കേറ്റ് അതിരപ്പിള്ളിയിൽ നിന്നും കോടനാട് അഭയാരണ്യത്തിൽ എത്തിച്ച കൊമ്പൻ ഇന്നലെ ഉച്ചയോടെയാണ് ചരിഞ്ഞത്. മുറിവിൽ നിന്നും അണുബാധ തുമ്പികൈയ്യിലേക്കും പടർന്നിരുന്നു. ചികിത്സക്കിടെ ഉണ്ടായ ഹൃദയഘാതം മരണത്തിലേക്ക് നയിച്ചെന്നാണ് നിഗമനം. കൂടിനകത്ത് ശാന്തനായി നിലയുറപ്പിച്ച കൊമ്പൻ ചികിത്സയോട് മികച്ച രീതിയിൽ പ്രതികരിച്ചിരുന്നു. പുല്ലും പഴവുമടക്കം ആഹാരവും കൃത്യമായിരുന്നു. എന്നാൽ കോടനാട്ടെ രണ്ടാം ദിനം അവശത കൂടി. പിന്നാലെ ചരിഞ്ഞു. തൃശൂരിൽ നിന്നെത്തിയ വെറ്റിനെറി ഡോക്ടർമാരടങ്ങിയ സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി, ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ, കാലടി ആർഎഫ്ഒ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ആനയുടെ ജഡം ആനയെ പാർപ്പിച്ചിരുന്ന കൂടിന് സമീപം സംസ്കരിച്ചു.

Also Read:  ആനയെ തുരത്താൻ സ്ഥാപിച്ച കരിങ്കൽ മതിൽ ആനകൾ തകർത്തു, ഭീതിയിലായി മലപ്പുറം ചോക്കോട് നിവാസികൾ

ജനുവരി ആദ്യവാരമാണ് മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടത്. ജനുവരി 24ന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് വീണ്ടും പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റതെന്നാണ് വനംവകുപ്പിന്റെ നിഗമനം. 

YouTube video player