Asianet News MalayalamAsianet News Malayalam

ആ ഒരു വോട്ട് ആരുടേത്? ക്രോസ് വോട്ടിന്റെ അമ്പരപ്പിൽ ഇടത് - വലത് മുന്നണികൾ; അബദ്ധം പറ്റിയതാകാമെന്നും നിഗമനം

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രഹസ്യ വോട്ട് ആയതിനാൽ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്

President Election 2022 cross vote in Kerala assembly shocks LDF and UDF
Author
Thiruvananthapuram, First Published Jul 22, 2022, 12:01 AM IST

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ ക്രോസ് വോട്ട് നടന്നതിൽ അമ്പരന്ന് ഇരു മുന്നണികളും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കേരളത്തിൽ നിന്ന് മുഴുവൻ വോട്ടും ലഭിക്കുമെന്നാണ് കരുതിയത്. എന്നാൽ ഒരു വോട്ട് എൻഡിഎ സ്ഥാനാർത്ഥിക്ക് പോയതാണ് അമ്പരപ്പിന് കാരണം. കേരളത്തിലെ നിയമസഭയിൽ 140 അംഗങ്ങളിൽ ഒരാൾ പോലും എൻഡിഎയിൽ നിന്നല്ല. എന്നിട്ടും എങ്ങിനെ വോട്ട് ദ്രൗപദി മുർമുവിന് വീണുവെന്നാണ് ചോദ്യം ഉയരുന്നത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രഹസ്യ വോട്ട് ആയതിനാൽ ക്രോസ് വോട്ട് ചെയ്തത് ആരെന്ന് കണ്ടെത്താൻ കഴിയില്ലെന്നാണ് നിയമ സെക്രട്ടേറിയേറ്റ് പറയുന്നത്. ബാലറ്റ് റസീപ്റ്റും ബാലറ്റ് പേപ്പറിനോപ്പം അയച്ചിരുന്നു. വോട്ട് പാർട്ടി വിപ്പിനെ കാണിക്കേണ്ട നിർബന്ധം ഇല്ലായിരുന്നു. ആരും മനപ്പൂർവം വോട്ട് രേഖപ്പെടുത്തിയതാകില്ല മറിച്ച് അബദ്ധം പറ്റിയതാകാം എന്നും മുന്നണി നേതാക്കൾക്കിടയിൽ സംശയമുണ്ട്.

കേരളത്തിലെ 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് വ്യക്തമാകുന്നത്. അസം, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഇതേ പോലെ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്.

നിയുക്ത രാഷ്ട്രപതിക്ക് മുഖ്യമന്ത്രിയുടെ ആശംസ

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതൽ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങൾ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.

മിന്നും ജയം നേടി ദ്രൗപദി മുർമു

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും.  രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും. 

രാഷ്ട്രപതി  തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്. ആന്ധ്രപ്രദേശിൽ 175 അംഗ സഭയിൽ 173 അംഗങ്ങളും ദ്രൗപദി മുർമ്മുവിനെ പിന്തുണച്ചു. രണ്ട് പേർ വോട്ട് ചെയ്തില്ല. 

Follow Us:
Download App:
  • android
  • ios