കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ സമ്മര്‍ദം. പണവും സമ്മാനങ്ങളും നല്‍കാമെന്ന് പ്രതികളുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് അഭ്യര്‍ത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്ത്.

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം ആരോപിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ സമ്മര്‍ദം. പണവും സമ്മാനങ്ങളും നല്‍കാമെന്ന് പ്രതികളുടെ അടുത്ത ബന്ധു കുട്ടിയുടെ പിതാവിനോട് അഭ്യര്‍ത്ഥിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. പ്രതികള്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് സൂചന.

ഇക്കഴിഞ്ഞ ആറാം തിയതിയാണ് പിതാവിന്‍റെ ബന്ധുക്കള്‍ കുട്ടിയെ കെട്ടിയിച്ച് ക്രൂരമായി മര്‍ദിച്ചത്. മോഷണ കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെട്ടതോടെയാണ് കൊടുവള്ളി പൊലീസ് കേസെടുക്കാന്‍ തയാറായത്. പിതാവിന്‍റെ സഹോദരന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതേതുടര്‍ന്നാണ് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള നീക്കവുമായി പ്രതികളുമായി അടുത്ത ബന്ധമുള്ളവര്‍ കുട്ടിയുടെ പിതാവിനെ ബന്ധപ്പെടുന്നത്. കേസില്‍ നിന്ന് പിന്‍മാറിയാല്‍ പണവും സമ്മാനവും നല്‍കാമെന്ന വാഗ്ദാനവുമായാണ് കുട്ടിയുടെ പിതാവിനെ ബന്ധപ്പെട്ടത്. ഈ ശബ്ദ സന്ദേശമാണ് പുറത്തായത്.

കേസില്‍ പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ ആദ്യം ബന്ധുവീട്ടിലേക്ക് മാറി. നിലവില്‍ സംസ്ഥാനം വിട്ടതായാണ് പൊലീസിന് കിട്ടിയ സൂചന. കുട്ടിയെ ക്രൂരമായി മര്‍ദിച്ച് മുറിവുകളില്‍ മുളക് പൊടി തേച്ചിരുന്നു. പ്രതികള്‍ക്കെതിരെ മര്‍ദനം, ആയുധമുപയോഗിച്ച് ഉപദ്രവിക്കല്‍, ബാലനീതി വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News