ആലുവ: എറണാകുളം- അങ്കമാലി അതിരൂപത ഭരണ ചുമതലയിലേക്ക് കർദ്ദിനാൾ ആല‌‌ഞ്ചേരിയെ  തിരിച്ചുകൊണ്ടുന്ന  നടപടിയ്ക്കെതിരെ വിമത വൈദികർ രംഗത്ത്. ഭൂമി വിവാദത്തിൽ മാർ ജോർജ്ജ് ആല‌ഞ്ചേരി അഗ്നിശുദ്ധിവരുത്തണമെന്നും  അതുവരെ നിസ്സഹകരണ തുടരാനും വൈദിക യോഗം തീരുമാനിച്ചു. വത്തിക്കാന്‍റെ തീരുമാനം രാത്രി നടപ്പാക്കിയ കർദിനാളിന്‍റെ നടപടി അപഹാസ്യമാണെന്നും വൈദികർ കുറ്റപ്പെടുത്തുന്നു.

ഭൂമി വിവാദത്തിൽ ആരോപണ വിധേയനായ കർദ്ദിനാൾ മാർ ജോജ്ജ് ആല‌ഞ്ചേരിയെ അതിരൂപയുടെ പൂർണ്ണ ഭരണ ചുമതല നൽകി തിരിച്ചു കൊണ്ടുവന്ന നടപടിയുടെ പശ്ചാത്തലത്തിലാണ് വൈദികർ യോഗം വിളിച്ചത്. യോഗത്തിൽ വത്തിക്കാന്‍റെ നടപടി പ്രതികാര നടപടിയെന്നാണ് വൈദികർ വിമർശിച്ചത്. സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാട് സംബന്ധിച്ച ആരോപണത്തിൽ അഗ്നിശുദ്ധി വരുത്തിവേണമായിരുന്നു കർദ്ദിനാൾ ആല‌ഞ്ചേരി ഭരണ ചുമതലയേറ്റെടുക്കന്‍.  എന്നാൽ രാത്രി ബിഷപ് ഹൗസിലേത്തി പോലീസ് പിന്തുണയോടെ വത്തിക്കാന്‍റെ തീരുമാനം നടപ്പാക്കുകയായിരുന്നു കർദിനാൾ. ഇത് അപഹാസ്യമാണെന്ന് വൈദികരിൽ ഒരു വിഭാഗം തയ്യാറാക്കിയ പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. 

ഭൂമി ഇടപാടിൽ നടത്തിയ അന്വേഷണ റിപ്പോ‍ട്ടും അതിൽ വത്തിക്കാൻ സ്വീകരിച്ച നടപടികളും അൽമായരെയും വൈദികരെയും ബോധ്യപ്പെടുത്തണം,  പൗരസ്ത്യ തിരുസഭയുടെ  ഭാഗത്ത് നിന്ന് ഈ നടപടിയുണ്ടായില്ല. അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററെ കഴിഞ്ഞ ഒരു വർഷമായി മാർപ്പാപ്പയെ കാണുന്നതിനും പൗരസ്ത്യ തിരുസഭ അനുവദിച്ചിട്ടില്ല.ഈ നടപടി  സംശയാസ്പദമാണെന്നുംവൈദികർ പറയുന്നു. സഹായ മെത്രാൻമാർ ഭൂമി ഇടപാടിൽ കർദ്ദിനാളിനെ പിന്തുണച്ചില്ല എന്ന കാരണത്താലാണ് പുറത്താക്കിയത്. 400 ഓളം വൈദികർ ഈ പ്രതിഷേധത്തിൽ   കൂടെ ഉണ്ടായിരുന്നു. സഹായമെത്രാനെതിരെ നടപടി സ്വീകരിക്കുന്നെങ്കിൽ ഇവർക്കെതിരെയും നടപടിയെടുക്കട്ടെയെന്ന് വൈദികർ പ്രമേയത്തിലൂടെ വ്യക്തമാക്കി.