എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡലിനെ 20 വർഷം മുൻപ് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ദുർഗ ബഹദൂർ ബഡ് ചേദ്രിയെ സിബിഐ അറസ്റ്റ് ചെയ്തു. മോചനദ്രവ്യത്തിനായി ശ്യാമളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ രണ്ടാം പ്രതി മുഹമ്മദ് അലിയെ സഹായിച്ചത് ഇയാളാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. നാഗ്പൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ. ദുർഗ ബഹദൂർ ബഡ് ചേദ്രിയെയാണ് സിബിഐ അറസ്‌റ്റ് ചെയ്തത്. 20 വർഷങ്ങൾക്ക് ശേഷമാണ് എഞ്ചിനിയറിംഗ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച കേസിലെ പ്രതിയെ പിടികൂടുന്നത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അലിയെ സിബിഐ കോടതി ശിക്ഷിച്ചിരുന്നു. നാഗ്പൂരിൽ നിന്നാണ് ദുർഗ ബഹദൂർ ബഡ് ചേദ്രിയെ പിടികൂടിയതെന്നാണ് വിവരം. കുടുംബസുഹൃത്തായ മുഹമ്മദ് അലി, 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ കൊലപ്പെടുത്തിയെന്നതാണ് കേസ്. കൃത്യം നടത്താൻ മുഹമ്മദ് അലിക്ക് സഹായം ചെയ്തത് ദുർഗ ബഹദൂർ ബഡ് ചേദ്രിയെന്നാണ് സിബിഐ കണ്ടെത്തൽ. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കേസിൽ മുഹമ്മദ് അലിക്ക് അടുത്തിടെ ജാമ്യം കിട്ടിയത് വലിയ വിവാദമായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ശിക്ഷാ വിധി റദ്ദാക്കണമെന്ന മുഹമ്മദ് അലിയുടെ ഹർജിയിലാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകാതെയിരിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്ന് നീരീക്ഷിച്ചായിരുന്നു ഹൈക്കോടതി നടപടി. ഇതിനെതിരെയാണ് ശ്യാം മണ്ഡലിന്റെ പിതാവ് ബസുദേവ് മണ്ഡൽ സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകം നടന്ന് 16 വര്‍ഷത്തിനുശേഷമാണ് തിരുവനന്തപുരം സിബിഐ കോടതി വിധി പറഞ്ഞത്. അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ശ്യാം മണ്ഡലിനെ 2005 ഒക്ടോബര്‍ 13നാണ് തട്ടിക്കൊണ്ടുപോയത്.