മാർച്ച്‌ 1ന് നടന്ന ഫിസിക്സ്‌ പരീക്ഷയാണ് എഴുതാൻ അനുവദിക്കാതിരുന്നത്. രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

പാലക്കാട്: പ്ലസ് ടു വിദ്യാർത്ഥിയെ പൊതുപരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന് പരാതി. ഹാൾടിക്കറ്റ് പോലും കൊടുക്കാൻ തയ്യാറാവാതെ പറഞ്ഞുവിട്ടെന്ന് അച്ഛൻ പറയുന്നു. പാലക്കാട് റെയിൽവേ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി സഞ്ജയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മാർച്ച്‌ 1ന് നടന്ന ഫിസിക്സ്‌ പരീക്ഷയാണ് എഴുതാൻ അനുവദിക്കാതിരുന്നത്. രക്ഷിതാക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

രാവിലെ ഫിസിക്സ് പരീക്ഷക്ക് വീട്ടിൽ നിന്നും ഇറങ്ങിയതാണ് സഞ്ജയ്. സ്കൂളിൽ എത്തിയപ്പോഴാണ് പ്രധാനാധ്യാപിക പരീക്ഷ എഴുതേണ്ട എന്ന് പറഞ്ഞെന്നാണ് സഞ്ജയ് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍ മോഡൽ പരീക്ഷയ്ക്ക് മാർക്കില്ല എന്നാണ് അധ്യാപിക പറഞ്ഞത്. പരീക്ഷ ജയിക്കില്ല എഴുതേണ്ടെന്ന് പറഞ്ഞു. ഇനി ഒരു തവണ കൂടി ചോദിച്ചാൽ മോന്തക്കുറ്റിക്ക് അടിക്കുമെന്നും അധ്യാപിക പറഞ്ഞതായി സഞ്ജയ് വിശദീകരിച്ചു.

പ്ലസ് വണ്ണിന് സഞ്ജയ്ക്ക് ഫിസിക്സ് പരീക്ഷയിൽ മാർക്ക് കുറവായിരുന്നു. എന്നാൽ വീണ്ടും പരീക്ഷ എഴുതി നില മെച്ചപ്പെടുത്തി. എന്നിട്ടും സ്കൂൾ അധികൃതർ കനിഞ്ഞില്ലെന്ന് കുടുംബം പറയുന്നു. വിദ്യാർത്ഥി പരീക്ഷക്കെത്തിയില്ലെന്നാണ് സ്കൂൾ അധികൃതർ പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള അധ്യാപികയെ അറിയിച്ചത്. എന്നാൽ കുട്ടിയെ പരീക്ഷ എഴുതാൻ അനുവദിക്കാത്തതാണ് എന്ന് പിന്നീട് മനസിലാക്കിയപ്പോൾ മറ്റ് അഞ്ചു പരീക്ഷകളും എഴുതിക്കാൻ ഇവർ നിർദേശം നൽകുകയായിരുന്നു. എന്നാൽ ഇതുവരെ സ്കൂൾ അധികൃതർ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

YouTube video player