Asianet News MalayalamAsianet News Malayalam

സ്വാശ്രയ മെഡിക്കൽ പ്രവേശനം: ഫീസ് കൂട്ടണമെന്ന് മാനേജ്‍മെന്‍റുകൾ: 85% സീറ്റുകളിലും 12 ലക്ഷം ഫീസ്

15% എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വാഗ്ദാനം അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും മാനേജ്‍മെന്‍റുകൾ. 

private medical managements demands a fee hike in kerala
Author
Thiruvananthapuram, First Published Jun 30, 2019, 4:13 PM IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് കൂട്ടണമെന്ന ആവശ്യവുമായി മെഡിക്കൽ മാനേജ്‍മെന്‍റുകൾ രംഗത്ത്. 85 % സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നാണ് മാനേജ്‍മെന്‍റുകളുടെ ആവശ്യം. 15% എൻആർഐ സീറ്റിൽ 30 ലക്ഷം രൂപ ഫീസായി വേണമെന്നും അസോസിയേഷൻ സെക്രട്ടറി അനിൽ വള്ളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉയർന്ന ഫീസ് ഘടന സർക്കാർ അംഗീകരിച്ചാൽ 10 ശതമാനം ബിപിഎൽ വിദ്യാർത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‍മെന്‍റുകളുടെ വാഗ്ദാനം. 

മുഖ്യമന്ത്രിയുമായി നാളെ സ്വകാര്യ മെഡിക്കൽ മാനേജ്‍മെന്‍റുകൾ നടത്തുന്ന ചർച്ചയിൽ ഈ ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുമെന്നും അനിൽ വള്ളിൽ പറഞ്ഞു. ഫീസ് കൂട്ടണമെന്ന് നാളെ നടക്കുന്ന ചർച്ചയിൽ ക്രിസ്ത്യൻ മാനേജ്‍മെന്‍റുകളും ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

സ്വാശ്രയ മെഡിക്കൽ മാനേജ്‍മെന്‍റുകളുടെ എതിർപ്പ് അവഗണിച്ച് എംബിബിഎസ് പ്രവേശനം നടത്താൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ഫീസ് പ്രകാരം പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിട്ടത്. ഫീസ് നിർണയ സമിതി പിന്നീട് നിശ്ചയിക്കുന്ന ഫീസ് നൽകാമെന്ന് വിദ്യാർത്ഥികളിൽ നിന്ന് എഴുതി വാങ്ങി പ്രവേശനം നടത്താനായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ വർഷം ഹൈക്കോടതി റദ്ദാക്കിയ ഫീസ് ഘടനയായതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഉടൻ തന്നെ മെഡിക്കൽ മാനേജ്‍മെന്‍റുകൾ വ്യക്തമാക്കിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികപ്പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ തവണ ഹൈക്കോടതി സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ഫീസ് ഘടന റദ്ദാക്കിയത്. 

ആദ്യം സ്വകാര്യ മെഡിക്കൽ മാനേജ്‍മെന്‍റുകളുമായി ആരോഗ്യമന്ത്രി നടത്താനിരുന്ന ചർച്ച രണ്ട് ദിവസം മുന്നോട്ടാക്കി നാളെ നടത്താൻ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയുമായാണ് നാളെ മെഡിക്കൽ മാനേജ്‍മെന്‍റുകൾ ചർച്ച നടത്തുക. എന്നാൽ ഇതിനിടെ തന്നെ കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മെഡിക്കൽ മാനേജ്‍മെന്‍റുകൾ പറയുന്നത്. 

5.32 - 6.53 ലക്ഷം രൂപ വരെയാണ് സർക്കാർ കഴിഞ്ഞ തവണ നിശ്ചയിച്ച ഫീസ് ഘടന. ഇതാണ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയത്. പുതിയ ഫീസ് ഘടന തീരുമാനിക്കാനുള്ള സമിതിയെ ശനിയാഴ്ച നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ആർ രാജേന്ദ്ര ബാബു അധ്യക്ഷനായ അഞ്ചംഗ ഫീസ് നിർണയ സമിതിയെയും ആറംഗ ഫീസ് മേൽനോട്ട സമിതിയെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ ഫീസ് ഘടന നിശ്ചയിക്കുമെന്നാണ് ജസ്റ്റിസ് ആർ രാജേന്ദ്രബാബു വ്യക്തമാക്കിയിരിക്കുന്നത്. 

ഓപ്ഷൻ ക്ഷണിച്ചു

എംബിബിഎസ്, ബിഡിഎസ്, മെഡിക്കൽ അനുബന്ധ കോഴ്‍സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്‍റിന് ഓപ്ഷൻ ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 6 -ന് രാവിലെ 10 മണി വരെ ഓപ്ഷൻ നൽകാം. ജൂലൈ ഏഴിന് വൈകിട്ടോടെ അലോട്ട്മെന്‍റ് വരും. എട്ട് മുതൽ 12 വരെ ഫീസ് അടയ്ക്കാം. 12-ന് വൈകിട്ട് മൂന്ന് മണിക്കകം കോളേജുകളിലെത്തി പ്രവേശനം നേടണം. ആയുർവേദ, ഹോമിയോ, സിദ്ധ കോഴ്‍സുകളിലേക്കുള്ള അലോട്ട്മെന്‍റ് പിന്നീടേ നടക്കൂ. 

Follow Us:
Download App:
  • android
  • ios