കയ്പ്പേറിയ അനുഭവം ഉണ്ടായെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രിയ അജയന്‍ ഫേസ്ബുക്ക് കുറിച്ചിരുന്നു. പ്രിയ അജയനെ വി കെ ശ്രീകണ്ഠൻ എംപിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പാലക്കാട് മുൻ നഗരസഭാ അധ്യക്ഷ പ്രിയ അജയൻ. ചെയർപേഴ്സൺ ആയിരുന്നപ്പോൾ പൂർണ്ണമായ പിന്തുണ ലഭിച്ചില്ലെന്നാണ് പ്രിയ അജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. നഗരസഭ കൗൺസിൽ നടന്നപ്പോൾ സ്വന്തം പാർട്ടിക്കാർ ഇറങ്ങിപ്പോയി. വിഷയാധിഷ്ഠിതമായിട്ടാണ് പിന്തുണ ലഭിച്ചത്. നേരിട്ട് കാര്യങ്ങൾ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള കാരണം പാർട്ടിയിൽ നിന്നുണ്ടായ മോശം അനുഭവങ്ങളാണെന്നും പ്രിയ പറയുന്നു. ചെയർപേഴ്സൺ സ്ഥാനം നിലനിർത്തി പോകാൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായെന്നും ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാൻ തീരുമാനിച്ചെന്ന് വ്യക്തമാക്കുകയാണ് പ്രിയ അജയന്‍. സ്വരം നന്നായിരുന്നപ്പോൾ പാട്ട് നിർത്തി. അഴിമതിക്കാരി ആണെന്ന് വരെ പ്രചരണം നടന്നു. നഗരസഭാ അധ്യക്ഷയായി ഇരുന്നപ്പോള്‍ ഒരു രൂപയുടെ അഴിമതി നടത്തിയിട്ടില്ലെന്നും പ്രിയ അജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വീട്ടിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ അടുത്ത വീട്ടിലേക്ക് പോകുകയല്ലല്ലോ ചെയ്യുന്നതെന്നും പ്രിയ അജയന്‍ കൂട്ടിച്ചേര്‍ത്തു. കയ്പ്പേറിയ അനുഭവം ഉണ്ടായെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് പ്രിയ അജയന്‍ ഫേസ്ബുക്ക് കുറിച്ചിരുന്നു. പ്രിയ അജയനെ കഴിഞ്ഞ ദിവസം കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് വി കെ ശ്രീകണ്ഠൻ എംപിയും രംഗത്തെത്തിയിരുന്നു.
പാലക്കാട് ഇടതുമുന്നണിയിലും തർക്കം
സീറ്റ് വിഭജനം അവതാളത്തിലായ പാലക്കാട്ടെ ഇടതുമുന്നണിയില്‍ കലഹം തുടരുന്നു. ജില്ലയിലെ 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ സിപിഐ ഒറ്റയ്ക്ക് മത്സരിക്കും. മണ്ണൂർ പഞ്ചായത്തിൽ ഇത്തവണയും നേർക്കുനേർ പോരാട്ടത്തിന് സാക്ഷ്യം വഹിക്കും. ചിറ്റൂർ മണ്ഡലത്തിലെ പെരുവന്പ്, നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളിൽ സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ചിറ്റൂർ തത്തമംഗലം നഗരസഭ, ചിറ്റൂര്‍ ബ്ലോക്ക്, ആനക്കര, നാഗലശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി പഞ്ചായത്തുകളിലും സിപിഐ മത്സരിക്കും. മേലാർകോട് സിപിഐ ലോക്കൽ സെക്രട്ടറി എസ്.ഷൗക്കത്തലിയാണ് സിപിഎമ്മിനെതിരെ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെ സീറ്റുകൾ പോലും സിപിഎം നിഷേധിച്ചതാണ് സിപിഐയെ ചൊടുപ്പിച്ചത്.
സിപിഎം പ്രതിസന്ധി
മണ്ണാർക്കാട് നഗരസഭയിലും നാല് പഞ്ചായത്തുകളിലുമായി പികെ ശശി വിഭാഗവും മത്സരരംഗത്തുണ്ട്. ഒരു പഞ്ചായത്തിൽ എല്ലാ സീറ്റിലും യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചു. വടക്കഞ്ചേരിയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറും സിപിഎം ഏരിയ സെക്രട്ടറിയുമായിരുന്ന കെ.ബാലൻ, കിഴക്കഞ്ചേരിയിൽ മുൻ പഞ്ചായത്ത് പ്രസിഡൻറും സിപിഎം ലോക്കൽ സെക്രട്ടറിയുമായ പി ഗംഗാധരനും യുഡിഎഫ് പിന്തുണയോടെ മത്സരരംഗത്ത്. കൊടുമ്പ് പഞ്ചായത്തിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മുൻ ലോക്കൽ കമ്മറ്റിയംഗം ബി അനിൽകുമാർ മത്സരിക്കുന്നു.
യുഡിഎഫിലുമുണ്ട് തർക്കം
പാലക്കാട് നഗരസഭയിൽ നാലിടത്താണ് കോൺഗ്രസിന് വിമത ശല്യം. മുൻ കൌൺസിലറുടെ ഭാര്യ സിപിഎം പിന്തുണയോടെ മത്സരിക്കുന്നു, മുൻ ഡിസിസി അംഗവും മത്സരരംഗത്തുണ്ട്. മണ്ണാർക്കാട് നഗരസഭയിലെ വടക്കുമണ്ണം വാർഡിൽ കോൺഗ്രസും ഘടകകക്ഷി ആർഎസ്പിയും നേർക്കുനേർ. കപ്പൂർ, നാഗലശ്ശേരി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിൽ ലീഗും കോൺഗ്രസും നേർക്കുനേർ മത്സരിക്കുന്നു. കൊഴിഞ്ഞാംപാറയിൽ യുഡിഎഫ് സിപിഎം വിമതർക്ക് നൽകിയ സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.



