കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിൽ സഹപാഠിയെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ കുത്തിപ്പരിക്കേൽപിച്ചതിലും അക്രമം അഴിച്ചുവിട്ടതിലും രൂക്ഷ വിമർശനവുമായി നിരൂപകനും അധ്യാപകനുമായ പ്രൊഫ. എം കെ സാനു. യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായത് നികൃഷ്ടമായ സംഭവമാണ്. ഇത് തീർത്തും അപലപനീയമാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും പ്രൊഫ. സാനു പറഞ്ഞു.

''യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായത് അനിഷ്ട സംഭവമെന്നല്ല, നികൃഷ്ട സംഭവമെന്നാണ് പറയേണ്ടത്. ഇത് തീർച്ചയായും അപലപനീയമാണ്. ഇത്തരം കൃത്യങ്ങളെ ഞങ്ങളെപ്പോലുള്ള പൊതുപ്രവർത്തകർ ഒരിക്കലും ന്യായീകരിക്കാറില്ല. അഭിപ്രായ വ്യത്യാസങ്ങൾ സംഘനാപരമായും അല്ലാതെയും ഉണ്ടാകും.

ആ വ്യത്യാസങ്ങളെയൊക്കെ അതിവർത്തിച്ച് വിദ്യാർത്ഥികൾ സഹോദരങ്ങളായി കഴിയണമെന്നാണ് അധ്യാപകനെന്ന നിലയിൽ എനിക്ക് പറയാനുള്ളത്'', പ്രൊഫ. എം കെ സാനു പറഞ്ഞു.

സർക്കാർ കുറ്റവാളികളെ കണ്ടെത്തി അർഹമായ ശിക്ഷ നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ശിക്ഷകളുണ്ടായാലേ ക്രമസമാധാനം പാലിക്കപ്പെടൂ. അത് പാലിക്കണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെടുന്നതെന്നും സാനുമാഷ് പറഞ്ഞു.