Asianet News MalayalamAsianet News Malayalam

കേരള ബിജെപി ഭാരവാഹികളിൽ 5000 അധികം പേര്‍ ക്രിസ്ത്യൻ - മുസ്ലിം സമുദായങ്ങളിൽ നിന്ന്, ഒപ്പം ട്രാൻസ്ജെൻഡറും

സംസ്ഥാനത്ത് ബിജെപിക്ക് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് ആദ്യമായി സ്ത്രീകളുമെത്തുന്നു. എറണാകുളം മുതല്‍ തെക്കന്‍ ജില്ലകളിലേക്ക് ഭാരവാഹിത്വത്തില്‍ വലിയ പങ്കും ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവരെന്ന് കെ സുരേന്ദ്രന്‍ 

promising facelift for BJP in kerala more leaders from muslim, christian and women  says K Surendran
Author
Kottayam, First Published Feb 21, 2022, 8:10 PM IST

മുസ്ലിം ക്രിസ്ത്യന്‍ മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ സുപ്രധാന പദവികളുമായി ബിജെപി (BJP Kerala). സംസ്ഥാനത്തെ ബൂത്ത് തല സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ബിജെപിയുടെ സുപ്രധാന നേട്ടം. ക്രൈസ്തവ (Christian) മുസ്ലിം (Muslim) വിഭാഗങ്ങളില്‍ നിന്നുള്ളവരില്‍ നിന്ന് 5000 ല്‍ അധികം പേര്‍ ഭാരവാഹി പട്ടികയില്‍ ഇടം പിടിച്ചു. 11മണ്ഡലം പ്രസിഡന്‍റുമാര്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ മുസ്ലിം വിഭാഗത്തില്‍ നിന്നുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ (K Surendran) ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

മുന്‍പുള്ളതിനേക്കാള്‍ ഏറെ അധികമാണ് ഇതെന്നും കെ സുരേന്ദ്രന്‍ വിശദമാക്കി. സംസ്ഥാനത്തുടനീളം ഭാരവാഹി പട്ടികയിലെ സ്ത്രീ പ്രാതിന്ധ്യം ഉറപ്പിക്കാനും സമ്മേളനങ്ങള്‍ക്ക് സാധിച്ചു. 22 മണ്ഡലം പ്രസിഡന്‍റുമാര്‍ വനിതകളാണ്. സംസ്ഥാനത്ത് ബിജെപിക്ക് മണ്ഡലം ഭാരവാഹിത്വത്തിലേക്ക് വനിതകള്‍ എത്തുന്നത് ആദ്യമായാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കുന്നു. എറണാകുളം മുതല്‍ തെക്കന്‍ ജില്ലകളിലാണ് ന്യൂനപക്ഷ മേഖലയില്‍ നിന്നുള്ളവര്‍ ഭാരവാഹിത്വത്തിലേക്ക് എത്തിയതെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ഭാരവാഹിത്വത്തിലേക്ക് ട്രാന്‍സ് സാന്നിധ്യവുമുണ്ടെന്ന് കെ സുരേന്ദ്രന്‍ പറയുന്നു. എറണാകുളം ജില്ലയില്‍ ജില്ലാ കമ്മിറ്റിയിലേക്കാണ് ട്രാന്‍സ് വ്യക്തിയെത്തുന്നത്. 20000 ബൂത്ത് കമ്മിറ്റികള്‍ ലക്ഷ്യമിട്ടതില്‍ 18000 ബൂത്ത് സമ്മേളനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി. ബാക്കിയുള്ളവ വൈകാതെ തന്നെ പൂര്‍ത്തിയാക്കാനാവുമെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ബൂത്ത്  സമ്മേളനങ്ങള്‍ അഞ്ച് ദിവസത്തേക്ക് കൂടി നീട്ടിയതായും  കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അംഗത്വം നല്‍കുന്നുണ്ട്. മെമ്പര്‍ഷിപ്പ് ക്യാംപയിനായി 2023ല്‍ മാത്രമേ ഇനിയുണ്ടാവൂവെന്നും സുരേന്ദ്രന്‍ വിശദമാക്കി. എല്ലാ മാസവും ബൂത്ത് കമ്മിറ്റിയും തൊട്ടടുത്ത മാസം ബൂത്ത് സമ്മേളനവും നടത്താന്‍ തീരുമാനം ആയി.  ബൂത്തുകള്‍ തോറും 15 പേരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളേക്കുറിച്ച്  സാധാരണക്കാര്‍ക്ക് ധാരണ ഉണ്ടാക്കുന്നതുമുതല്‍ വോട്ടര്‍ പട്ടികയില്‍ അംഗങ്ങളുടെ പേരുകള്‍ ഉറപ്പാക്കുന്നത് വരെയുള്ള ചുമതലകളുണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളായ ഇ ശ്രാം, സുകന്യാ സമൃദ്ധി യോജന അടക്കമുള്ള പതിനാറിലധികം പദ്ധതികളില്‍ ആളുകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അസംഘടിത മേഖലയിലുള്ളവര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന ഇ ശ്രം പോലുള്ളവയില്‍ കേരളത്തില്‍ നിന്നുള്ളവരുടെ പങ്കാളിത്തം 60 ലക്ഷം മാത്രമാണ്. ജന്‍ ധന്‍ പദ്ധതി, ഇ ശ്രം പോലുള്ള പദ്ധതികളില്‍ മലപ്പുറത്ത് നിന്നുള്ള പങ്കാളിത്തം മികച്ച നിലയിലുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ഏപ്രില്‍, മെയ് മാസത്തില്‍ കോട്ടയത്ത് വച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷ മേഖലയില്‍ സമ്മേളനം നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന് പിന്നാലെ ചതന്നെ ക്രിസ്ത്യന്‍ വീടുകളില്‍ പോയി പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകളുടെ ഭീഷണി അടക്കമുള്ളവയെക്കുറിച്ച് സമ്പര്‍ക്ക പദ്ധതികളും ലക്ഷ്യമിടുന്നതായി കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഒരു ബൂത്തില്‍ ഒരാളെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിലെ പ്രവര്‍ത്തനം കൈകാര്യം ചെയ്യും. പ്രധാനമന്ത്രിയുടെ  മന്‍ കീ ബാത്ത് ബൂത്തുകളില്‍ ഒരുമിച്ചിരുന്ന് കേള്‍ക്കാനുള്ള സംവിധാനത്തേക്കുറിച്ചും പദ്ധതികളുണ്ട്. ബൂത്തുകളുടെ ഭാരവാഹിത്വത്തിലേക്ക് 20 ശതമാനത്തിലധികം സ്ത്രീകളെ എത്തിക്കാനായത് വലിയ നേട്ടമായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. നേതാക്കള്‍ സ്വന്തം ബൂത്തില്‍ മൂന്ന് ദിവസമെങ്കിലും പ്രവര്‍ത്തിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാനും ധാരണയായെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് വിശദമാക്കിയത്. 

Follow Us:
Download App:
  • android
  • ios