ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസ്.കീഴ്ശാന്തിമാരെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് പുന്നൂസ് 

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയടക്കമുള്ള അഴിമതി സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ജേക്കബ് പുന്നൂസ്. ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തലാണ് പുറത്തുവന്നത്. എന്നാൽ, വിജിലന്‍സ് നൽകിയ ഈ ശുപാര്‍ശ നടപ്പായില്ലെന്നും മുൻ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് പുന്നൂസ് പറയുന്നു. കലാകൗമുദിയിൽ പ്രസിദ്ധീകരിക്കുന്ന സര്‍വീസ് സ്റ്റോറിയിലാണ് ജേക്കബ് പുന്നൂസിന്‍റെ വെളിപ്പെടുത്തൽ. കീഴ്ശാന്തിമാരും ധനികരും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് നേരത്തെ കണ്ടെത്തിയിരുന്നുവെന്നും കീഴ്ശാന്തിമാര്‍ക്ക് നിശ്ചിത കാലയളവ് വെക്കണമെന്നും താൻ മുൻ വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ശുപാര്‍ശ നൽകിയിരുന്നുവെന്നുവാണ് ജേക്കബ് പുന്നൂസ് പറയുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട ഏകോപനവും യോഗം ചര്‍ച്ച ചെയ്തിരുന്നു. എന്നാൽ, സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിച്ചില്ല. കീഴ്ശാന്തിമാരെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് പുന്നൂസ് ചൂണ്ടികാണിക്കുന്നു. കീഴ്ശാന്തിമാരെ നിയന്ത്രിക്കുന്നതിനൊപ്പം ശബരിമലയിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്നുമായിരുന്നു ശുപാര്‍ശ. സര്‍ക്കാരിലേക്ക് വിജിലന്‍സ് നൽകിയ ശുപാര്‍ശയുടെ പകര്‍പ്പും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അന്നത്തെ വിജിലന്‍സ് എഡിജിപി ബാലസുബ്രഹ്മണ്യം ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജേക്കബ് പുന്നൂസ് ലേഖനത്തിൽ പറഞ്ഞതിന്‍റെ പ്രസക്ത ഭാഗം

ശബരിമല സോപാനത്താണ് ഏറ്റവും സുരക്ഷാ ജാഗ്രത വേണ്ടതെന്നും അവിടെ തുടര്‍ച്ചയായ നിരീക്ഷണത്തിന് അക്കാലത്ത് ക്യാമറയിലൂടെ ലൈവ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതു പ്രക്ഷേപണം ചെയ്താൽ ആചാരലംഘനമാകുമെന്ന് അധികൃതര്‍ പറഞ്ഞതുകൊണ്ടാണ് അത് ഒഴിവാക്കി ക്യാമറ സജ്ജീകരിച്ചത്. സീസണ്‍ കഴിഞ്ഞാലും ലൈവ് ക്യാമറ വേണം എന്നകാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വിശ്വാസികള്‍ കാണിക്ക സമര്‍പ്പിക്കുന്നത് അൽപം അകലെ നിന്നാണ്. തിരക്കിട്ട് ചെയ്യുമ്പോള്‍ അവ കണ്‍വെയര്‍ ബെൽറ്റിലേക്ക് തന്നെ വീഴണമെന്നില്ലെന്നും തെറിച്ചുപോകുന്നത് സാധാരണമാണമെന്നും ജേക്കബ് പുന്നൂസ് ലേഖനത്തിൽ ചൂണ്ടികാണിക്കുന്നു. ബെൽറ്റിൽ വീഴാത്തവ തിരിച്ച് അതിലേക്ക് ഇടുന്നുണ്ടോയെന്നടക്കം ക്യാമറയിലൂടെ കൃത്യമായി നിരീക്ഷിക്കാമായിരുന്നു. കാണിക്കയും കണക്കെടുപ്പും ക്ഷേത്രഭരണസംവിധാനത്തിന്‍റെ ഭാഗമായതുകൊണ്ട് അത്തരം ചുമതലകള്‍ പൊലീസിന്‍റേതല്ല. എങ്കിലും ഇങ്ങനെ ഒരു സൗകര്യം ഒരുക്കുന്നത് നന്നായിരിക്കുമെന്ന് അക്കാലത്ത് ബന്ധപ്പെട്ടവരോടെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. അത് ഇതുവരെ നടപ്പായില്ലെന്നും ജേക്കബ് പുന്നൂസ് പറയുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്നപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട ധാരാളം അഴിമതി കേസുകള്‍ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിൽ ഒന്ന് കീഴ്ശാന്തിമാരെ കുറിച്ചായിരുന്നു. മേൽശാന്തിമാര്‍ എല്ലാവര്‍ഷവും മാറി വരുന്നുണ്ടെങ്കിലും പല കീഴ്ശാന്തിമാരും വര്‍ഷങ്ങളോളം തുടരുന്നുണ്ട്. അവര്‍ അതിധനികരായ ഭക്തര്‍മാര്‍ക്കും പലതരം ബിസിനസുകാര്‍ക്കും പലതരത്തിലുള്ള ഒത്താശകളും അധികൃതരുടെ അറിവില്ലാതെ ചെയ്തുകൊടുക്കുന്നു. ഇവരുടെ കാര്യത്തിൽ നിയന്ത്രണങ്ങളും സേവനകലാപരിധിയും വേണമെന്ന നിര്‍ദേശം അന്ന് വിജിലന്‍സ് എഡിജിപി ബാലസുബ്രഹ്മണ്യം തയ്യാറാക്കി.

സ്വര്‍ണക്കൊള്ള; വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഡിസംബര്‍ മൂന്നിന്

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. കൊല്ലം വിജിലൻസ് കോടതിയിലാണ് വാദം പൂര്‍ത്തിയായത്. ഡിസംബര്‍ മൂന്നിന് ജാമ്യാപേക്ഷയിൽ വിധി പറയും. എൻ.വാസു വിരമിച്ചതിനുശേഷമാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം വാദിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. നടപടികൾ തുടങ്ങുന്നതിന് മുൻപ് തന്നെ എൻ.വാസു വിരമിച്ചു. വാസുവിന്‍റെ അറിവോടെയല്ല ഒന്നും നടന്നതെന്നും പ്രതിഭാഗം വാദിച്ചു. മുരാരി ബാബു കൈമാറിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് എൻ. വാസു ചെയ്തത്. അതിനെ ശുപാർശ ചെയ്തുവെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ, ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷ്ണര്‍ കെ.എസ് ബൈജുവിന്‍റെ ജാമ്യാപേക്ഷയിൽ 29 ന് വിധി പറയും. കേസില്‍ സിപിഎം നേതാവ് എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള എസ്ഐടി അപേക്ഷ നാളെയാണ് പരിഗണിക്കുക.

YouTube video player