Asianet News MalayalamAsianet News Malayalam

ബിഷപ്പ് റസാലത്തിനെതിരെ മാര്‍ച്ച്: സംഘര്‍ഷം, പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി

മെഡിക്കൽ കോളേജ് കോഴ കേസിൽ സിഎസ്ഐ സഭാ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിനെ കൊച്ചിയിൽ ഇന്നലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 

protest against Bishop dharmaraj Rasalam
Author
Trivandrum, First Published Jul 31, 2022, 4:27 PM IST

തിരുവനന്തപുരം: സിഎസ്ഐ സഭാ ആസ്ഥാനത്തേക്ക് ഒരു വിഭാഗം വിശ്വാസികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നേരിയ സംഘർഷം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ബിഷപ്പ്  ധർമരാജ് റസാലത്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും സഭ സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികൾ നടത്തിയ പ്രകടനത്തിലാണ് സംഘർഷം ഉണ്ടായത്. പൊലീസുമായി ഉണ്ടായ ഉന്തും തള്ളിലും  സന്തോഷ് എന്നയാള്‍ക്ക് ലാത്തി അടിയേറ്റ് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

തുടർന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഒരു മണിക്കൂറോളം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നൂറ് കണക്കിനാളുകൾ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി. പ്രകടനവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ മുഴുവൻ വിട്ടയച്ച ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. ബിഷപ്പിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കും എന്നാണ് വിശ്വാസികളുടെ നിലപാട്. 

ബിഷപ്പിനെ കള്ളപ്പണ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. യുകെയിലേക്ക് പോകാനിരിക്കെയായിരുന്നു ബിഷപ്പിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ബിഷപ്പ് ധർമരാജ് റസാലത്തെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. വിദേശത്ത് പോകരുതെന്നാണ് ബിഷപ്പിന് എൻഫോഴ്സ്മെന്‍റ് നിർദേശം നൽകിയിരിക്കുന്നത്. കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്‍റെ ആസ്ഥാനമായ എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. 13 മണിക്കൂറോളമാണ് പരിശോധന നടന്നത്.

കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. അന്വേഷണം തുടരുമെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന. ഇഡി പരിശോധനയ്ക്ക് പിന്നാലെ ബിഷപ്പിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും മുഖാമുഖം എത്തിയിരുന്നു.  ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനിൽക്കണമെന്ന ആവശ്യവുമായി ശക്തമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം. അതേസമയം സഭയെ തകർക്കാൻ ശ്രമിക്കുന്നവരാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിഷപ്പിനെ അനുകൂലിക്കുന്നവരുടെ വാദം.

Follow Us:
Download App:
  • android
  • ios