നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി. ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു.

YouTube video player

ആർ.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എ പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നയാൾ ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു. 

ആർ.ശ്രീലേഖയുടെ പ്രതികരണത്തിനെതിരെ നടി ഭാഗ്യലക്ഷ്മിയും രംഗത്തെത്തി.സോഷ്യൽ മീഡിയയിൽ വൈറലാനാകാണ് ശ്രീലേഖയുടെ ശ്രമമമെന്ന് ഭാഗ്യലക്ഷ്മി തുറന്നടിച്ചു. അതിജീവിതയെ ഒന്ന് നേരിൽ കാണാൻ പോലും അനുവദിക്കാത്ത ആളാണ് ശ്രീലേഖ. ഇപ്പോഴത്തെ നിലപാടിലെ വിയോജിപ്പ് നേരിട്ട് അറിയിച്ചെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. 

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.