Asianet News MalayalamAsianet News Malayalam

3 പേർക്ക് പണം തിരികെ നൽകിയെന്ന് ഗ്രാമീൺ ബാങ്ക്;സാങ്കേതിക പിഴവെന്ന് ചെയർപേഴ്സൺ, കബളിപ്പിക്കലെന്ന് പ്രതിഷേധക്കാർ

ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ബാങ്കിന്റെ തിരുത്തൽ നടപടി.   

Protest against Kerala Gramin Bank on emi deduction from victim of wayanad landslide
Author
First Published Aug 19, 2024, 12:33 PM IST | Last Updated Aug 19, 2024, 12:43 PM IST

കൽപ്പറ്റ /ദില്ലി: ദുരിതാശ്വാസ ഫണ്ടിൽ നിന്നുളള സർക്കാർ ധനസഹായം  ദുരിതബാധിതരുടെ അക്കൌണ്ടിലെത്തിയതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക്, പ്രതിഷേധം ശക്തമായതോടെ തിരുത്തൽ നടപടിതുടങ്ങി. ഇഎംഐ തുക പിടിച്ച 3 പേർക്ക് പണം തിരികെ നൽകിയെന്ന് കേരളാ ഗ്രാമീൺ ബാങ്ക് അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് ബാങ്കിന്റെ തിരുത്തൽ നടപടി.  

ദുരിതബാധിതരിൽ നിന്നും ഇ എംഐ  പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയ ഭാസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് ദില്ലിയിൽ പ്രതികരിച്ചത്. 'മൂന്ന് പേരുടെ കാര്യത്തിൽ മാത്രമാണ് പിഴവ് സംഭവിച്ചത്. പണം ഉടൻ തന്നെ റീഫണ്ട് ചെയ്യാൻ നിർദേശിച്ചു. വിലങ്ങാടെ ദുരിതബാധിതനിൽ നിന്നും പണം പിടിച്ചതും പരിശോധിക്കും. പിഴവ് സംഭവിച്ചെങ്കിൽ തിരുത്തും. വായ്പകൾ എഴുതിത്തള്ളുന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിൻ്റെയും റഗുലേറ്റർ ബോഡിയുടെയും നിർദേശങ്ങൾ പാലിക്കുമെന്നും ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ  വിശദീകരിച്ചു.

റൈഹാനത്ത്, റീന, മിനിമോൾ എന്നീ മൂന്ന് പേരുടെ അക്കൌണ്ടിൽ നിന്നാണ് ഇ എംഐ പിടിച്ചതെന്നാണ് ബാങ്ക് പറയുന്നതെങ്കിലും കൂടുതൽ പേരുടെ പണം പിടിച്ചതായാണ് വിവരം. ഈ വിവരങ്ങൾ പുറത്ത് വിടാൻ ഗ്രാമീൺ ബാങ്ക് തയ്യാറായിട്ടില്ല. പ്രതിഷേധം ശക്തമായതോടെ മൂന്ന് പേരുടെ മാത്രം പട്ടിക തന്ന് കബളിപ്പിക്കുകയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കൂടുതൽ പേരുടെ പണം പിടിച്ചു,  ഇ എംഐ പിടിച്ചവരുടെ പേര് പറയുമ്പോൾ ബാങ്ക് പരിശോധിക്കാനും തയ്യാറാകുന്നില്ലെന്നും സ്ഥലത്ത് പ്രതിഷേധിക്കുന്ന ഡിവൈഎഫ്ഐ നേതാക്കൾ പ്രതികരിച്ചു.  

പ്രതിഷേധം ശക്തം, സംഘർഷാവസ്ഥ

സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷത്തിലെത്തി നിൽക്കുകയാണ്. കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ നടപടി, ദുരിതാശ്വാസ തുകയിൽ നിന്നും പിടിച്ച പണം ബാങ്ക് മിനിമോൾക്ക് തിരിച്ചു നൽകി

ദുരിത ബാധിതരുടെ പണം അക്കൊണ്ടിൽ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ  ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ബാങ്കിനെതിരെ ക്യാമ്പയിൻ നടത്തുo. പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്നും  ഡിവൈഎഫ്ഐ ചോദിച്ചു. പ്രശ്നം പൂർണമായി പരിഹരിച്ചില്ലെങ്കിൽ ജില്ലയിലെ സകല ബ്രാഞ്ചിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.  

 

Latest Videos
Follow Us:
Download App:
  • android
  • ios