1968-ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ മാനേജ്മെൻറും നാട്ടുകാരും ഏറെ താൽപര്യത്തോടെ പരിപാലിച്ചുവന്ന മരങ്ങളാണ് മുറിച്ചത് എന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


കോഴിക്കോട്: സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ച മാനേജ്മെൻറിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും. കോഴിക്കോട് പാലോറ ഹയർസെക്കൻഡറി സ്കൂളിനു മുന്നിലെ അഞ്ച് തണൽ മരങ്ങളാണ് ക്രിസ്മസ് അവധിക്കിടെ മുറിച്ചു മാറ്റിയത്. 

സംസ്ഥാന സ്കൂൾ കലോൽസവത്തിൻറെ ആരവങ്ങൾക്ക് നടുവിലാണ് കോഴിക്കോട്. എന്നാൽ നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ ഉളളിയേരിക്കടുത്ത പാലോറയിൽ ഒരു വിദ്യാലയമൊന്നാകെ തീവ്ര ദുഖത്തിൻറെ നടുവിലാണ്. പതിറ്റാണ്ടുകളായി സ്കൂളിന് മുന്നിൽ തണൽവിരിച്ചു നിന്ന, ഒരു നാടിൻറെയാകെ കളിചിരികൾക്കും ആഘോഷങ്ങൾക്കും ഊർജ്ജം പകർന്ന തണൽ മരങ്ങളാണ് ഇനി ഓർമ മാത്രം.

മരങ്ങളുടെ വേരുകൾ സ്കൂൾ കെട്ടിടത്തിന് ബലക്ഷയമുണ്ടാക്കുമെന്ന പേരു പറഞ്ഞ് മരങ്ങൾ മുറിച്ചു നീക്കാൻ മാനേജ്മെൻറിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി.എന്നാൽ പ്രിൻസിപ്പലിൻറെയും മാനേ‍ജ്മെൻറ് കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻറെയും കടുത്ത എതിർപ്പ് തടസമായി. തക്കം പാക്കിർത്തിരുന്ന മാനേജരും സംഘവും ക്രിസ്മസ് അവധിക്കാലത്താണ് തീരുമാനം നടപ്പാക്കിയത്. ഇക്കഴിഞ്ഞ 31ന് അർദ്ധരാത്രി മാവ് അടക്കമുളള അഞ്ച് മരങ്ങളും മുറിച്ച് നീക്കി.

1968-ൽ സ്കൂൾ സ്ഥാപിച്ചതു മുതൽ മാനേജ്മെൻറും നാട്ടുകാരും ഏറെ താൽപര്യത്തോടെ പരിപാലിച്ചുവന്ന മരങ്ങളാണ് മുറിച്ചത് എന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായി. ഉത്തരവാദികളായവർ പരസ്യമായി മാപ്പ് പറയാതെ മുറിച്ചിട്ട മരങ്ങൾ സ്കൂൾ മുറ്റത്ത് നിന്ന് നീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികളും നാട്ടുകാരും.

19 അംഗങ്ങളുളള മേനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിൻറെ പ്രവർത്തനം. ജനറൽ ബോഡി ചേരുകയോ ചർച്ച നടത്തുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് ഈ തീരുമാനം നടപ്പാക്കിയതെന്ന് കമ്മിറ്റിയില ഒരു വിഭാഗം അംഗങ്ങളും പറയുന്നു. എന്നാൽ സ്കൂൾ മാനേജർ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല.