കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ സ്ഥലം മാറ്റം നടപടി നേരിട്ട അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല നൽകിയതിനെതിരെ ആണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്.
കോഴിക്കോട്: വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ സ്ഥലം മാറ്റം നടപടി നേരിട്ട അധ്യാപികയ്ക്ക് വകുപ്പിൻ്റെ ചുമതല നൽകിയതിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. മനശാസ്ത്ര വിഭാഗം ആക്ടിങ് ഹെഡ് ആയ ഡോ. അനിത കുമാരിക്കെതിരെയാണ് പ്രതിഷേധം. വിദ്യാർത്ഥികളുടെ പരാതിയിൽ നേരത്തെ സ്ഥലം മാറ്റിയെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്ന്
അനുകൂല വിധി നേടി തിരികെയെത്തിയതിന് പിന്നാലെയാണ് വകുപ്പിൻ്റെ ചുമതല അനിത കുമാരിക്ക് നൽകിയത്. പൊതുവേദിയിലും രോഗികൾക്കും മുൻപിലും അപമാനിക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു എന്നീ ആരോപണങ്ങൾ ഉന്നയിച്ച് 12 പിജി വിദ്യാർത്ഥികൾ നൽകിയ പരാതിയിലായിരുന്നു ജൂൺ മാസം ഡോ. അനിത കുമാരിയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറ്റിയത്. സമാന ആരോപണം നേരിട്ട ഡോ. സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും മാറ്റി. എന്നാൽ ഇരുവരും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി.
സൈക്യാട്രി വകുപ്പ് മേധാവിയും മറ്റൊരു സീനിയർ അധ്യാപകനും അവധിയിൽ പോയതോടെയാണ് ഡോ. അനിത കുമാരിയെ ആക്ടിങ് എച്ച്ഒഡി ആയി നിയമിച്ചത്. കോളേജിൻ്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി സൈക്യാട്രി വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തി. അനിത കുമാരിക്ക് നൽകിയത് താൽക്കാലിക ചുമതലയാണെന്നും വിദ്യാർത്ഥികളുടെ ആശങ്ക ഡിഎംഇയെ അറിയിക്കുമെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം, തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ റിലേ സമരത്തിലേക്ക് കടക്കുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.


