ഏലൂരിൽ സർക്കാർ പരിപാടിയിൽ സിഎംആർഎൽ കമ്പനിയെ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം. ഏലൂർ ജിഎച്ച്എസ്എസിലെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെയും സ്മാർട്ട് ക്ലാസ് റൂമിൻ്റെയും ഉദ്ഘാടന ചടങ്ങിൽ മുഖ്യതിഥിയാക്കിയതിനെതിരെയാണ് പ്രതിഷേധം ഉണ്ടായത്.
കൊച്ചി: സിഎംആർഎൽ കമ്പനിയെ സർക്കാർ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഏലൂരിൽ നാട്ടുകാരുടെ പ്രതിഷേധം. ഏലൂർ ജിഎച്ച്എസ്എസിലെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെയും സ്മാർട്ട് ക്ലാസ് റൂമിൻ്റെയും ഉദ്ഘാടന ചടങ്ങിൽ മുഖ്യതിഥിയായി സിഎംആർഎൽ ജനറൽ മാനേജർ മനോഹർദാസിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ആണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഏലൂർ മുനിസിപ്പിലാറ്റി ചെയർപേഴ്സ് ലൈജി സജീവൻ ഉദ്ഘാടകയായ ചടങ്ങിലാണ് സിഎംആർഎൽ ജനറൽ മാനേജറെ മുഖ്യതിഥിയാക്കിയത്. ജനറൽ മാനേജറെ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥൻ പരിപാടിയിൽനിന്ന് പിന്മാറി.
സിഎംആർഎൽ കമ്പനി പെരിയാറിനെ മലിനപ്പെടുത്തുന്നതായുള്ള പരിശോധന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിഎംആർഎൽ ഉദ്യോഗസ്ഥൻ സർക്കാർ പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. നാട്ടുകാർക്ക് പിന്തുണ അറിയിച്ചു പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും എത്തി. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥൻ പിന്മാറിയത്.
പെരിയാറിലേക്കും വായുവിലേക്കും വിഷം കലർത്തുന്ന സിഎംആർഎൽ കമ്പനിയുടെ ജനറൽ മാനേജരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടി പ്രതിഷേധാർഹമാണെന്ന് സമരക്കാർ പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നുവെന്ന് വരുത്തിത്തീർക്കാൻ വേണ്ടിയാണ് കമ്പനി പ്രതിനിധിയെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്നും ഇതിന് പിന്നിൽ സ്കൂൾ അധികൃതരും സിഎംആർഎല്ലും തമ്മിൽ അന്തർധാരയാണെന്നും സമരക്കാർ ആരോപിച്ചു. സിഎസ്ആർ ഫണ്ട് നൽകിയെന്ന് കരുതി മുഖ്യധാരയിലേക്ക് വരാമെന്ന ധാരണ തെറ്റാണെന്നും സമരക്കാർ പറഞ്ഞു.


