കൊച്ചി: കൊച്ചിയില്‍ റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. അപകടമുണ്ടായ പാലാരിവട്ടം ഇടപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉപരോധം നടന്നു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡിലെക്കെത്തി കുത്തിയിരുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെയാണ് ഇവിടേക്ക് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഇരുകൂട്ടരും റോഡില്‍ രണ്ടു സ്ഥലങ്ങളിലായി കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. 

അതേസമയം, അപകടം ദൗര്‍ഭാഗ്യകരമാണെന്ന് പി ടി തോമസ് എംഎല്‍എ പ്രതികരിച്ചു. ഇന്ന് രാത്രിയില്‍ തന്നെ കുഴിയടയ്ക്കാനുള്ള നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചുകൂട്ടും. മോട്രോയും വാട്ടര്‍ അതോറിറ്റിയും പിഡബ്ല്യുഡിയും വാട്ടര്‍ അതോറിറ്റിയും ഉടന്‍ തീരുമാനത്തില്‍ എത്തണം. കുഴിടയ്ക്കുന്ന കാര്യം ഇന്നലെയും പറഞ്ഞിരുന്നതാണെന്നും പി ടി തോമസ് പറ‌ഞ്ഞു.

അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.