കണ്ണൂര്‍: പൗരത്വനിയമഭേദഗതിക്കെതിരെ വിവാധ സംഘടനകള്‍ അഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് അങ്ങിങ്ങ് ആക്രമണം. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്ത് ഓടി. ആലപ്പുഴയിയിലും സമാനമായ സംഭവങ്ങളുണ്ടായി.

കണ്ണൂര്‍ തലശ്ശേരി ദേശീയ പാതയിലാണ് സമരക്കാര്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് ഓടിയത്. കാൾടെക്സ് ജംഗ്ഷനിൽ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. താക്കോൽ തിരികെ കിട്ടാത്തതിനാൽ ലോറി ദേശീയപാത ഓരത്തേക്ക് തള്ളിനീക്കി നിർത്തിയിരിക്കുകയാണ്. ടയര്‍ കത്തിച്ചും മുദ്രാവാക്യം വിളിച്ച് നടുറോഡില്‍ കുത്തിയിരുന്നുമാണ് പ്രതിഷേധക്കാരുടെ സമരം. കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പോലീസ്  അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂരില്‍ 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ആലപ്പുയില്‍ രണ്ടിടത്താണ് സമാനമായ സംഭവമുണ്ടായത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്‍റെ താക്കോലാണ് ഊരി കൊണ്ടുപോയത്. ആലപ്പുഴ മുഹമ്മയിലും സമരക്കാര്‍ വാഹനത്തിന്‍റെ താക്കോള്‍ ഊരിക്കൊണ്ട് പോയി. 

പാലക്കാട് വാളയാറിൽ തമിഴ്നാട് ആർട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞത്.  പാലക്കാട് കെഎസ്ആർട്ടിസി സ്റ്റാന്റിലേയ്ക്ക് പ്രകടനവുമായി എത്തിയ ഹർത്താൽ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പാലക്കാട് കെഎസ്ആർടിസി ബസ് തടയാൻ ശ്രമിച്ച ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ 278 പേരെ പൊലീസ് കസ്റ്റഡിയിലെത്തു. 184 പേര്‍ കരുതല്‍ തടങ്കലിലാണ്. വടക്കന്‍ കേരളത്തിലായിരുന്നു അക്രമങ്ങള്‍ കൂടുതല്‍. കൊല്ലത്തും ആലുവ കുട്ടമശ്ശേരിയിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തെ തമ്പാനൂരിൽ എസ്ഡിപിഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടെയുണ്ടായ കല്ലേറിൽ വഴിയാത്രക്കാരന് പരിക്കേറ്റു.

Also Read: ഹര്‍ത്താലിൽ അക്രമം; സംസ്ഥാനത്ത് 278 പേര്‍ കസ്റ്റഡിയിൽ, 184 പേര്‍ക്ക് കരുതൽ തടങ്കലിൽ